കണ്ണൂർ: സ്‌കൂൾ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറെ പൊലീസ് ചോദ്യം ചെയ്യും. തളിപ്പറമ്പ് ഡി.വൈ. എസ്. പി. മുമ്പാകെ ഹാജരാകാൻ നേതാവുകൂടിയായ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുമായി ഇയാൾക്കുള്ള ബന്ധത്തിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോ ചാറ്റിങിൽ ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിക്കാൻ നടത്തിയ സംഭാഷണം പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

വിലകൂടിയ ആഡംബര ഫോൺ കാട്ടി മോഹിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ചത്. പോക്സോ നിയമപ്രകാരം ലൈംഗിക പീഡനത്തിനിരയാക്കുന്നതിന് പുറമേ പ്രലോഭിപ്പിച്ച് വരുതിയിൽ വരുത്തുന്നതും കുറ്റകരമാണ്. അതിനാൽ ഇയാളും കേസിൽ കുടുങ്ങുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

മട്ടന്നൂർ വനിതാ മജസ്ട്രേട്ട് മുമ്പാകെ പെൺകുട്ടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ പകർപ്പ് പൊലീസ് ശേഖരിക്കും. അതിൽ കൗൺസിലറെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കും. പ്രതിപ്പട്ടികയിൽ ഉള്ളവരെ കൂടാതെ മറ്റാർക്കെങ്കിലുമെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടോ എന്ന കാര്യം ഇന്നത്തോടെ വ്യക്തമാകും. അതനുസരിച്ചായിരിക്കും തുടർ നടപടി. കേസിൽ പിടിയിലായ വടക്കാഞ്ചേരി സ്വദേശി വൈശാഖ് ഉപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി മാട്ടൂലിലെ സന്ദീപ് നേരത്തെ പേരാൽ എന്ന പേരിൽ ഒരു ഹോട്ടൽ നടത്തിയിരുന്നു. ഈ ഹോട്ടൽ ജീവനക്കാരിൽ ചിലർ കേസിൽ പ്രതികളായിട്ടുണ്ട്. മൃതുൽ എന്നയാൾ ഈ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. വൈശാഖും ഈ ഹോട്ടലുമായി ബന്ധപ്പെട്ട് കാറ്ററിങ് മേഖലയിൽ പ്രവർത്തിച്ചിരുന്നു. വൈശാഖ് പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്കിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇന്നലേയും മിനിഞ്ഞാന്നുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ വീടുകളിൽ നിന്നും പരിശോധനക്കിടെ ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പീഡന വേളയിൽ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ അറസ്റ്റിലായ ഏഴ് പ്രതികളേയും വളപട്ടണത്ത് പിടിയിലായ പിതാവ് ഉൾപ്പെടെ മൂന്ന് പേരേയും കോടതി ഡിസംബർ 20 വരെ റിമാന്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള വൈശാഖ്, ജിത്തു എന്നിവരെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിക്ക് 25,000 രൂപ വിലപറഞ്ഞ് കൂടെ വരാൻ പ്രേരിപ്പിച്ച ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലർക്കെതിരെ നഗരത്തിൽ വ്യാപകമായ പോസ്റ്റർ പതിച്ച നിലയിൽ കണ്ടെത്തി. 25,000 രൂപ തരാം കൂടെ വരുമോ ? 'ജനസേവകന് രാത്രിയിൽ ഒളിസേവ ' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച ഈ കൗൺസിലർ എ.ഐ.ടി.യു.സി. നേതാവുമൊത്താണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനായി പുതിയ ഫോൺ അടക്കം ജനപ്രതിനിധി വാങ്ങിച്ചിരുന്നു. വീഡിയോ ചാറ്റിങിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ കേസിൽ റിമാന്റിൽ കഴിയുന്ന മുഖ്യപ്രതി സന്ദീപ് ജനപ്രതിനിധിക്ക് കാണിച്ചു കൊടുത്തിരുന്നു. അതിനിടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.