അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ ഉയർത്തികാട്ടിയ രണ്ട് വിമത എംഎൽഎമാർക്കെതിരെ പരാതിയുമായി കോൺഗ്രസ്. ചട്ടം ലംഘിച്ചവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകും. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

എംഎൽഎമാർ കൂറുമാറിയതോടെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകൾ മങ്ങിയിരുന്നു. 7 എംഎൽഎമാരാണ് കോൺഗ്രസിനെതിരെ വോട്ട് ചെയ്തത്. ഇതിനിടയിലാണ് ബാലറ്റ് പേപ്പർ ബിജെപി പ്രതിധിയെ ഉയർത്തികാട്ടിയ വിമത എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ രണ്ടരയോടെ അവസാനിച്ചു. ഫലം അൽപ്പസമയത്തിനകം അറിയാം.