ഫെർഗൂസൻ: കറുത്തവർഗക്കാരനായ മൈക്കിൾ ബ്രൗൺ എന്ന ടീനേജുകാരൻ വെള്ളക്കാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചതിന്റെ വാർഷികച്ചടങ്ങ് അക്രമാസക്തമായതോടെ ഫെർഗൂസനിൽ സെന്റ് ലൂയിസം കൗണ്ടി അധികൃതർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ തുടങ്ങിയ അനുസ്മരണ ചടങ്ങ് വൈകുന്നേരമായപ്പോഴേയ്ക്കും അക്രമാസക്തമാകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പിൽ ഒരാൾക്കു ഗുരുതര പരിക്കേറ്റിരുന്നു.

വാർഷികച്ചടങ്ങിന്റെ രണ്ടാം ദിവസമായ തിങ്കാഴ്ച നൂറിലധികം പേരെ പൊലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. പ്രകടനം അരങ്ങേറുമ്പോൾ പ്രകടനക്കാർ പൊലീസിനു നേരെ കല്ലും കുപ്പിയും എറിഞ്ഞതിനെ തുടർന്നാണ് നൂറിലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രകടനം സമാധാനപരമായിട്ടല്ല നടക്കുന്നത് എന്നു വിലയിരുത്തിയ ശേഷമാണ് അധികൃതർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം കാറ്റിൽപറത്തിയാണ് ജനങ്ങൾ പ്രകടനത്തിനായി ഒത്തുചേർന്നതെന്നും നിയമം കൈയിലെടുക്കാൻ ആരേയും അുവദിക്കുകയില്ലെന്നും സെന്റ് ലൂയിസ് കൗണ്ടി പൊലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.

മൈക്കിൾ ബ്രൗൺ കൊല്ലപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഫെർഗൂസനിലെ ക്രമസമാധാന നില സാധാരണയിലേക്ക് കൊണ്ടുവരാൻ പൊലീസ് പണിപ്പെടുകയായിരുന്നു. ബാൾട്ടിമോർ ഉൾപ്പെടെയുള്ള പലയിടങ്ങളിലും ആഭ്യന്തര കലാപങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറി. വീണ്ടും ഇതേ പേരിൽ വെടിവയ്പും കലാപവും നടക്കുന്നത് ഒഴിവാക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഇരുനൂറിലധികം പ്രകടനക്കാർ പങ്കെടുത്ത റാലി ക്രൈസ്റ്റ് ചർച്ച് കത്തീഡ്രലിൽ നിന്നാണ് ആരംഭിച്ചത്.