സൗത്ത് ആഫ്രിക്കക്കാരനും അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവായ ഉക്രയിൻകാരിയും അബുദാബിയിൽ അറസ്റ്റിലായി. ഈ യുവാവിൽ നിന്നും യുവതി ഗർഭിണിയായെന്ന് ഒരു ഡോക്ടർ കണ്ടെത്തിയതിനെ തുടർന്നാണിത്. വിവാഹേതര ബന്ധത്തിന്റെ പേരിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. എന്നാൽ ഈ വിചിത്ര നിയമത്തെക്കുറിച്ച് അത്ഭുതം കൂറുകയാണ് ലോകമാധ്യമങ്ങൾ. എംലിൻ കൾവെർവെൽ(29), ഇറൈന നോഹായ്(27) എന്നിവരാണ് വിവാഹത്തിന് മുമ്പ് അവിഹിത ബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. വയറിന് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നോഹായ് അബുദാബിയിലെ യാസ് മാളിലുള്ള മെഡിയോർ മെഡിക്കൽ സെന്ററിൽ പോയതിനെ തുടർന്നാണ് ഇവർ ഗർഭിണിയാണെന്ന് വ്യക്തമായത്.

യുഎഇയിലെ നിയമപ്രകാരം വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കടുത്ത കുറ്റമാണ്. ഇതിന് പിടിക്കപ്പെടുന്നവരെ ദീർഘകാലത്തെ ജയിൽ ശിക്ഷയ്ക്ക് വിധേയരാക്കാറുമുണ്ട്. പിടിക്കപ്പെട്ട ഈ യുവാവും യുവതിയും ജനുവരി 29 മുതൽ കസ്റ്റിഡിയിലാണുള്ളത്. കൾവെർവെലിനും നോഹായ്ക്കും ആശുപത്രിയിൽ വച്ച് വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാഞ്ഞതിനെ തുടർന്നാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് ഇവരെ യാസ് പൊലീസ് സ്റ്റേഷനിലേക്കും തുടർന്ന് അൽ വാത്ബ ജയിലിലേക്കും കൊണ്ടു പോയെന്നാണ് റിപ്പോർട്ട്. യുവതിയുടെ വയറ്റിലുള്ള കുട്ടിയുടെ പിതൃത്വത്തെക്കുറിച്ച് അധികൃതർ നിലവിൽ അന്വേഷണം നടത്തുകയായതിനാൽ ഇവരുടെ മേൽ ഇനിയും കേസ് ചാർജ് ചെയ്തിട്ടില്ല. നോഹായുടെ എച്ച്ഐവി സ്റ്റാറ്റസും ടെസ്റ്റ് ചെയ്യുന്നുണ്ട്.

അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അതായത് ജനുവരി 27നായിരുന്നു ഇവരുടെ എൻഗേജ്മെന്റ്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഈ യുവാവ് യുഎഇയിലെ യാസ് വാട്ടർവേൾഡിൽ വാട്ടർ റെസ്‌ക്യൂ ഓപ്പറേറ്റീവായി ജോലി ചെയ്ത് വരുകയാണ്. നോഹായ് 2014 മുതൽ യുഎഇയിൽ അഡ്‌മിനിസ്ട്രേഷൻ ഓഫീസറായി പ്രവർത്തിച്ച് വരുകയാണ്. ഡൊമസ്റ്റിക് യുഎഇ നിയമവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ ഇതിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് സൗത്ത് ആഫ്രിക്കയിലെ വിദേകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിയമസഹായം തേടുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.

ദമ്പതികൾക്കുള്ള നിയമപ്രതിനീകരണത്തിന് 118,000 സൗത്ത് ആഫ്രിക്കൻ റാൻഡ്സ് ചെലവാകുമെന്നാണ് റിപ്പോർട്ട്. നോഹായ് ഗർഭത്തിന്റെ ആദ്യ ഘട്ടത്തിലാണെന്നാണ് യുവാവിന്റെ അമ്മയായ ലിൻഡ വെളിപ്പെടുത്തുന്നത്. അവരെ എത്രയും വേഗം വിട്ടയക്കണമെന്നും ലിൻഡ അഭ്യർത്ഥിക്കുന്നു. അവർ സ്നേഹിച്ചുവെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ഈ അമ്മ പറയുന്നു. ഇരുവർക്കും തങ്ങൾ ധൈര്യം പകരുന്നുണ്ടെന്നും ലിൻഡ വ്യക്തമാക്കുന്നു. അറസ്റ്റിലായതിന് ശേഷം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ദമ്പതികളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ലിൻഡ വെളിപ്പെടുത്തുന്നു. ഇവർക്ക് വിവാഹിതരാകുന്നതിനുള്ള അവസരം വാഗ്ദാനം ചെയ്ത് യാസ് ഐലന്റിലെ ക്രിസ്ത്യൻ ചർച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു ജഡ്ജ് ഇതിന് അനുമതി നിഷേധിച്ചിരിക്കുകയാണ്.