പാലക്കാട്: സേതുമാധവൻ തന്റെ ജീവിതത്തിലെ നീറി പുകയുന്ന ഈ പ്രശ്‌നത്തിന്റെ പുറമേ ദുരിതയാത്ര തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നു.തന്റെയും ഭാര്യ ഷീജയുടെയും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളെയാണ് ജന്മം എടുക്കും മുമ്പ്േ ചികിൽസാപിഴവ് മൂലം മരിച്ചത്.നീതി തേടിയുള്ള ഈ യാത്രയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പോലും ദമ്പതികളെ കൈയൊഴിഞ്ഞു.

ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലമാണ് ഗർഭസ്ഥ ശിശുക്കൾ മരിക്കാനിടയായത്. കോങ്ങാട് പാറശ്ശേരി വീട്ടിൽ സേതുമാധവനാണ്് മനുഷ്യാവകാശ കമ്മീഷനിൽ നിന്നും വിവരാവകാശ കമ്മീഷനിൽ നിന്നും നീതികിട്ടാതിരുന്നത്. 2013 ഏപ്രിൽ15 നാണ് സേതുമാധവന്റെ ഭാര്യ ഷീജയുടെ ഇരട്ടക്കുഞ്ഞുങ്ങൾ ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.ഡോക്ടറുടെ ചികിത്സാപിഴവുമൂലമാണ് കുഞ്ഞുങ്ങൾ മരിക്കാനിടയായതെന്നു പാലക്കാട് ഡിഎംഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തനിക്കു കിട്ടിയില്ലെന്നും മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് തുടർനടപടികളുണ്ടായില്ലെന്നും സേതുമാധവൻ ആരോപിച്ചു.

തുടക്കം മുതൽ തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്തിയിട്ടും ഇരട്ടക്കുഞ്ഞുങ്ങളാണെന്നു ഡോക്ടർ പറഞ്ഞില്ലെന്നും, ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞുങ്ങൾ മരിച്ചെന്ന വിവരം അറിയിക്കുകയാണുണ്ടായതെന്നുമായിരുന്നു ദമ്പതികളുടെ പരാതി. ആംബുലൻസ് വിട്ടുകൊടുക്കാൻ തയ്യാറാകാത്തതിനാൽ സ്വകാര്യ വാഹനത്തിലാണ് ഷീജയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
പരാതി ലഭിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും കേസ് പരിഗണിക്കാതിരുന്ന മനുഷ്യാവകാശ കമ്മീഷൻ ഒടുവിൽ പബ്ലിക് ലീഗൽ അഥോറിറ്റിക്ക് പരാതി കൊടുക്കാൻ ആവശ്യപ്പെട്ട് കേസ് തീർപ്പാക്കുകയായിരുന്നു. നീതികിട്ടിയില്ലെന്നാരോപിച്ച് സേതുമാധവൻ കളക്ടറുടെ കാര്യാലയത്തിന് മുന്നിൽ നിരാഹാര സമരവും നടത്തിയിരുന്നു.

തന്റെയും ആരോപണവിധേയയായ ഡോക്ടറുടെയും മൊഴിയുടെയും ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ടിന്റെയും പകർപ്പാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.റിപ്പോർട്ട് കിട്ടിയെങ്കിലും മൊഴിപ്പകർപ്പ് കിട്ടിയില്ല.ഇതിനെതിരെ വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയിട്ട് ഇതുവരെ മറുപടി കിട്ടിയില്ലെന്നും സേതുമാധവൻ പറഞ്ഞു.

ഗർഭിണിയായിരുന്ന ഷീജ ആദ്യം കോങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സനടത്തിയത്. ഇതിനിടയിൽ നിരവധിതവണ പരിശോധനകളും സ്‌കാനിങ്ങുകളും നടത്തി. എന്നാൽ റിസൾട്ട് പരിശോധിച്ച ഡോക്ടറോ ബന്ധപ്പെട്ടാളുകളോ ഇരട്ടകുട്ടികളാണെന്ന് ദമ്പതികളോടെ പറഞ്ഞിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ പറ്റില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനുള്ള റഫർ ലെറ്റർ നൽകുകയോ ആംബുലൻസ് അനുവദിക്കുകയോ ചെയ്തില്ലെന്ന് സേതുമാധവൻ പറഞ്ഞു.

ടാക്സി വിളിച്ച് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ഇരട്ടകുട്ടികളാണെന്നും മരിച്ചതായും അറിയാൻ കഴിഞ്ഞത്. ഭാഗ്യംകൊണ്ടുമാത്രമാണ് ഭാര്യയെ രക്ഷിക്കാൻ കഴിഞ്ഞതെന്നു നിറകണ്ണുകളോടെ സേതുമാധവൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഡിഎംഒ,ജില്ലാ കളക്ടർ,ആരോഗ്യവകുപ്പ് മന്ത്രി,എംഎൽഎ,എം.ബി.രാജേഷ് എംപി,മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ നിരവധിതവണ സമരം നടത്തുകയുണ്ടായി.

സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയിൽ നടത്തിയ റെയ്ഡിൽ ആശുപത്രിയിൽ ശരിയായ രീതിയിൽ രേഖകൾ സൂക്ഷിക്കുന്നില്ലെന്നും പ്രസവങ്ങൾ നടക്കുന്നതിന്റെ യാതൊരു കണക്കും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗുകൾക്ക് നിരവധി തവണ ദമ്പതികൾ പോവുകയുണ്ടായി. എന്നാൽ കുറ്റകാർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മൂന്നുവർഷത്തിനുശേഷം മനുഷ്യാവകാശ കമ്മീഷണും കയ്യൊഴിഞ്ഞു. രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് സൂപ്രണ്ടിനെതിരെയോ ഡോക്ടർക്കെതിരെയോ നടപടിയുണ്ടാവാത്തതെന്നും സേതുമാധവൻ ആരോപിക്കുന്നു.