മലപ്പുറം: പ്രണയിച്ച് വിവാഹം ചെയ്തയാൾ ഇതര മതസ്ഥനായതിന്റെ പേരിൽ ദുരഭിമാന കൊലപാതകങ്ങൾ തുടർക്കഥയായിരിക്കേ പിതാവിൽ നിന്നുള്ള വധഭീഷണി തുറന്ന് പറഞ്ഞ് എൽഎൽബി വിദ്യാർത്ഥിനി. തന്നെയും ഭർത്താവിനേയും വധിക്കാനായി കുടുംബാംഗങ്ങൾ ക്വട്ടേഷൻ കൊടുത്തിരിക്കുന്നതായി സംശയിക്കുന്നുവെന്നാണ് വേങ്ങര ഊരകം സ്വദേശി നസ്‌ല ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭർത്താവ് വിവേക് ഇതര മതസ്ഥനാണ്. എന്നാൽ കുടുംബത്തിൽ നിന്നും എത്ര സമ്മർദ്ദം ചെലുത്തിയാലും മതം മാറാൻ തങ്ങൾ തയാറല്ല എന്ന് ദമ്പതികൾ നിലപാടെടുക്കുകയും ചെയ്തു.

ഈ വർഷം ജൂലൈ 12നായിരുന്നു നസ്‌ലയും വിവേകും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം നസ് ലയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെങ്കിലും ഇത് കേസായി മാറിയതോടെ തിരികേ അയയ്ക്കുകയായിരുന്നു.തങ്ങൾക്ക് പിരിയാനാകില്ലെന്നും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് വീട്ടുകാരോട് അപേക്ഷിച്ചെങ്കിലും ഇവർ ഇത് ഗൗനിച്ച മട്ടില്ലെന്ന് നസ് ല പറയുന്നു. നസ് ലയുടെ പിതാവ് അബ്ദുൽ ലത്തീഫ് വിദേശത്താണ് ജോലി ചെയ്യുന്നത്. പിതാവിൽ നിന്നും തങ്ങൾക്ക് വധഭീഷണി ലഭിച്ചുവെന്നാണ് ദമ്പതികൾ ഇപ്പോൾ പറയുന്നത്.

ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്തുമെന്നും ദമ്പതികളേയും വിവേകിന്റെ അച്ഛനേയും കൊല്ലേണ്ടത് തന്റെ ആവശ്യമാണെന്നും അബ്ദുൽ ലത്തീഫ് ഫോൺ സന്ദേശം അയച്ചിരുന്നു. വിവേകിന്റെ പിതാവിന്റെ ഫോണിലേക്കാണ് സന്ദേശം അയച്ചത്. ലത്തീഫ് അയച്ച ഭീഷണി സന്ദേശം ദമ്പതികൾ പൊലീസിന് കൈമാറിയിരുന്നു. 'നാട്ടിലെത്തിയാൽ സമയം കളയില്ല. കൊല്ലാൻ തയാറായാണു വരുന്നത്. നേരിട്ടു മുട്ടാൻ തയാറായിക്കോ ' എന്നാണ് സന്ദേശത്തിലൂടെ അറിയിച്ചത്. തങ്ങളെ വകവരുത്താനായി ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്ന സംശയത്തിലാണ് നസ് ല. അമ്പതിനായിരം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു എന്നാണു മനസ്സിലാക്കുന്നത്. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുടെയും അമ്മാവന്റെയും ഫോൺ സംഭാഷണങ്ങളിൽ നിന്നാണ് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചത്.

പക്ഷേ ഇതു മാതാപിതാക്കളുടെ താൽപര്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഗൂഢ താൽപര്യങ്ങളുള്ള ചിലർ മാതാപിതാക്കളെ സമ്മർദത്തിലാക്കുകയാണെന്നും നസ് ല പറയുന്നു. അവരുടെ പ്രതികരണങ്ങളും പ്രവൃത്തികളും ഇതിന്റെ ഫലമാണ്. പക്ഷേ ഇതെവിടെ വരെയെത്തും എന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല. കോഴിക്കോട് വൈരാഗി മഠത്തിൽവച്ച് നസ്‌ലയും വിവേകും വിവാഹിതരായത്. മതം മാറണ്ട എന്നത് അപ്പോഴേ തീരുമാനിച്ചിരുന്നു. തുടർന്ന് ഈ മാസം 14ന് നസ്‌ലയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ ഏർവാഡിയിൽ താമസിപ്പിച്ചു. രാമനാട്ടുകര ഭവൻസ് കോളജിൽ നിന്നാണ് ഉമ്മയും സഹോദരിയും ചേർന്ന് അമ്മാവന്റെ സഹായത്തോടെ കാറിൽ തട്ടിക്കൊണ്ടു പോയത്.

തമിഴ്‌നാട്ടിൽ എത്തിച്ച ശേഷം  മാനസിക രോഗിയാക്കാനായിരുന്നു ശ്രമം. കേസ് ആയതോടെയാണ് നസ് ലയെ വീട്ടുകാർ കോടതിയിൽ ഹാജരാക്കിയത്. വിവാഹ സർട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭർത്താവിനൊപ്പം പോകാൻ നസ്‌ലയ്ക്ക് കോടതി അനുമതി നൽകി. എങ്കിലും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നസ്ലയുടെ പിതാവ് അബ്ദുൽ ലത്തീഫ് അടക്കമുള്ളവർ. തട്ടിക്കൊണ്ടു പോയതിന് മാതാവ് ബുഷ്‌റയെയും അമ്മാവൻ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.