കണ്ണൂർ: അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളായ മൊയ്തീനും കാഞ്ചനമാലയും മാത്രമല്ല, കാലത്തിന്റെ പഴക്കം തട്ടാതെ പ്രണയത്തെ കൊണ്ടുനടക്കുന്ന മറ്റൊരു പ്രണയ ജോഡികളും ഇപ്പോൾ ജനമനസുകളിൽ ഇടം പിടിക്കുകയാണ്. എന്നാൽ കഥയാരംഭിക്കുന്നത് പ്രണയകാലത്തുണ്ടാകുന്ന ട്രാജഡിയിൽ നിന്നല്ല. മിന്നു ചാർത്തി ജീവിതം ആരംഭിച്ച് അധികമാകും മുൻപേ വേർപിരിയേണ്ടി വന്ന അവസ്ഥ മുതലാണ്. വർഷങ്ങൾക്കിപ്പുറം താൻ ആദ്യം മിന്നു ചാർത്തിയ ശാരദയെ കാണാൻ നാരായണൻ നമ്പ്യാർ ആ വീട്ടുപടിക്കൽ കണ്ണിമ ചിമ്മാതെ കാത്തിരുന്നു.

കണ്ണിൽ നിന്നും ചെറുപ്പത്തിന്റെ തിളക്കം വറ്റാത്ത ആ 86കാരി ഒടുവിൽ നാണിച്ച് പുറത്തേക്ക് വന്നു. ആ സമയം സ്വന്തം ജീവിത കഥയായ 'ഡിസംബർ' എന്ന നോവലിലൂടെ കണ്ണോടക്കുക കൂടിയായിരുന്നു നാരായണൻ നമ്പ്യാർ. '72 കൊല്ലമായി അല്ലേ?' എന്ന് നേവലിസ്റ്റ് കൂടിയായിരുന്ന ശാന്ത കാവുമ്പായിയുടെ ചോദ്യം കൂടിയായപ്പോഴാണ് ഇരുവരും ഒന്ന് അടുത്തേക്ക് നിന്നത്. അപ്പോഴാണ് 72 കൊല്ലം നീണ്ട മൗനത്തിന് അറുതിയായത്. എന്നിട്ടും തമ്മിൽ തമ്മിൽ നോക്കാൻ ആ കണ്ണുകള്ൾ മടിച്ചു.

1946ലെ ആ മഞ്ഞുപെയ്യുന്ന ദിനങ്ങൾ

നാരായണൻ നമ്പ്യാരും ശാരദയും 1946ലാണ് വിവാഹം കഴിക്കുന്നത്. 46ലുണ്ടായ കാവുമ്പായി കലാപമാണ് ഇവരെ എന്നന്നേക്കുമായി പിരിച്ചത്. അതേ വർഷം ഡിസംബറിൽ കാവുമ്പായി കർഷക ലഹള നടക്കുകയും നാരായണൻ ജയിലിലാവുകയുമായിരുന്നു. നാരായണനെ ജീവപര്യന്തം തടവിന് വിധിച്ചതോടെ വീട്ടുകാർ ശാരദയെ മറ്റൊരു വിവാഹം കഴിച്ചയച്ചു. ഇതിന് ശേഷം കാണാൻ കഴിയാതിരുന്ന ഇവർ 72 വർഷങ്ങൾക്ക് ശേഷം കോടല്ലൂരിലെ വീട്ടിലാണ് കണ്ടുമുട്ടിയത്. ശാരദയുടെ മകനും ജൈവകർഷകനുമായ കെ.കെ. ഭാർഗവന്റെ വീട്ടിൽ. നാരായണൻ നമ്പ്യാരുടെ സഹോദരന്റെ മക്കളായ ശാന്ത കാവുമ്പായി, ആർക്കിടെക്ട് ടി.വി. മധുകുമാർ എന്നിവരെ ഭാർഗവൻ പരിചയപ്പെട്ടതാണ് ഇതിന് നിമിത്തമായത്.

അമ്മയുടെ ആദ്യ ഭർത്താവ് ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഭാർഗവൻ പുനഃസമാഗമത്തിന് അവസരമൊരുക്കുകയായിരുന്നു. 1946 ആദ്യമാണ് മുറപ്പെണ്ണായ ശാരദയെ നാരായണനെക്കൊണ്ട് വിവാഹം ചെയ്യിച്ചത്. വിവാഹം കഴിച്ചെങ്കിലും ഫലത്തിൽ അപരിചിതരെപ്പോലെയായിരുന്നു ഇരുവരും. 'എനിക്കന്ന് 14 വയസ്സേയുള്ളൂ. ഇവരുടെ (നാരായണൻ നമ്പ്യാരുടെ) അമ്മയുടെ മോളായാണ് ഞാനാ വീട്ടിൽ വളർന്നത്. കാവുമ്പായി കുന്നിനുമേൽ തുരുതുരാ വെടിപൊട്ടിയത് രാത്രിയാണ്. ഇവരെ പിന്നെ കണ്ടില്ല. ഇവരുടെ അമ്മയെ പൊലീസ്... എന്റെ നേരെ പൊലീസ് വന്നെങ്കിലും അമ്മ വാരിപ്പിടിച്ചുനിന്നു. അവർ എന്നെ ഒന്നും ചെയ്തില്ല... പിന്നെ വീട് കത്തിച്ചു.

എന്നെ ഇവരുടെ അമ്മ എന്റെ വീട്ടിലാക്കി... അവിടെയും ആദ്യമെല്ലാം പൊലീസ് വന്നിരുന്നു' ശാരദ പഴയകാര്യങ്ങൾ ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു. കാവുമ്പായി സമരത്തിൽ പങ്കെടുത്തതിന് സേലം ജയിലിൽ അച്ഛൻ തളിയൻ രാമൻ നമ്പ്യാരോടൊപ്പമാണ് നാരായണനെ അടച്ചത്. സേലം ജയിൽ വെടിവെപ്പിൽ അച്ഛൻ മരിച്ചുവീഴുമ്പോൾ തൊട്ടടുത്ത് വെടിയേറ്റ് പിടയുകയായിരുന്നു നാരായണൻ. ഇപ്പോഴും ശരീരത്തിൽ വെടിച്ചില്ലോടെയാണ് അദ്ദേഹം ജീവിക്കുന്നത്. 1954-ൽ ജയിൽമോചിതനായി. വിവാഹം കഴിച്ച അദ്ദേഹത്തിന് ഏഴുമക്കളുണ്ട്. തൊണ്ണൂറു പിന്നിട്ട നാരായണൻ കാവുമ്പായിയിലെ വീട്ടിൽനിന്ന് സഹോദരഭാര്യ ടി.വി.

ലക്ഷ്മിയമ്മ, അവരുടെ മക്കൾ എന്നിവർക്കൊപ്പമാണ് ആദ്യഭാര്യയുടെ വീട്ടിലെത്തിയത്. പുഴുക്കും ഇരുപതോളം ഇലകൾ അരച്ചുണ്ടാക്കിയ ചമ്മന്തിയും കഞ്ഞിയുമാണ് ശാരദയുടെ വീട്ടുകാർ നാരായണനായി ഒരുക്കിവെച്ചത്. കഞ്ഞി കുടിച്ചശേഷം ഇറങ്ങുമ്പോൾ ശാരദയോട് നാരായണന്റെ ചോദ്യം. 'നീ വരുന്നോ കാവുമ്പായിയിലേക്ക്... മച്ചുനിച്ചിയല്ലേ, അങ്ങനെ വരാലോ...''എനിയെന്തിനാപ്പാ വരുന്ന'തെന്ന ചോദ്യമായിരുന്നു ആ ഭംഗിവാക്കിനുള്ള മറുപടി. 'നമ്മൾ തമ്മിൽ ഒരു വിരോധോമില്ല.

വേണ്ടാന്ന് വെച്ചതല്ലല്ലോ'യെന്നും ശാരദ കൂട്ടിച്ചേർത്തു. 'സാഹചര്യമാണ് ഇങ്ങനെയൊക്കെയാക്കിയത്. ആരും ഉത്തരവാദിയല്ല' -നാരായണൻ അത്രയും പറഞ്ഞപ്പോഴേക്കും ശാരദ ഒന്നും പറയാതെ അകത്തേക്ക് നടന്നു.