ഭോപാൽ: മധ്യപ്രദേശിൽ നിന്നുള്ള ജൈന ദമ്പതിമാർ മൂന്നു വയസുകാരിയായ മകളെയും 100 കോടിയോളം മൂല്യം മതിക്കുന്ന സ്വത്തുക്കളും ഉപേക്ഷിച്ച് സന്യസിക്കുന്നു.

സുമിത് റാത്തോഡ് (35), ഭാര്യ അനാമിക (34) എന്നിവരാണ് സന്യാസത്തിന്റെ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്. സെപ്റ്റംബർ 23ന് ഗുജറാത്തിലെ സൂറത്തിൽ ജൈന ആചാര്യൻ രാംലാൽ മഹാരാജിൽ നിന്ന് ദീക്ഷ സ്വീകരിക്കും.

ഭോപാലിലെ നീമഞ്ജ് എന്ന ചെറുപട്ടണമാണ് ഇരുവരുടെയും സ്വദേശം. പാരമ്പര്യമായി രാഷ്ട്രീയക്കാരും വ്യാപാരികളുമാണ് ദമ്പതികളുടെ കുടംബം. ദമ്പതികളുടെ മകൾ മൂന്നു വയസുകാരി ഇഭ്യയെ അനാമികയുടെ പിതാവ് അശോക് ചണ്ഡാലിയ പരിരക്ഷിക്കുമെന്ന് അറിയിച്ചു.

ആഗസ്തിൽ സൂറത്തിൽ സംഘടിപ്പിച്ച ജൈനമത സമ്മേളനത്തിൽവച്ചാണ് സുമിത്ത് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം ആചാര്യനെ അറിയിക്കുന്നത്. ഭാര്യയുടെ അനുവാദം വാങ്ങിവരാനായിരുന്നു ആചാര്യന്റെ നിർദ്ദേശം. അനാമികയോട് സമ്മതം ചോദിച്ചപ്പോൾ ദീക്ഷ സ്വീകരിക്കാൻ സുമിത്തിന് അനുവാദം കൊടുത്തുവെന്ന് മാത്രമല്ല തനിക്കും ദീക്ഷ സ്വീകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ദീക്ഷ സ്വീകരിക്കുന്ന ചടങ്ങോടുകൂടി ലൗകികമായ എല്ലാബന്ധങ്ങളും അവസാനിച്ച് പൂർവാശ്രമത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടും.

ഇരുവരുടെയും വീട്ടുകാരും ദീക്ഷ സ്വീകരിക്കുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ട്. സുമിത്തും അനാമികയും സന്യാസമാർഗം തിരഞ്ഞെടുക്കുന്നതോടെ ഏകമകൾ ഇഭയയെ ഇരുവരുടെയും മാതാപിതാക്കൾ വളർത്തിക്കൊള്ളാമെന്നും സമ്മതിച്ചു. ദീക്ഷ സ്വീകരിക്കാനുള്ള ഉൾപ്രേരണ തോന്നിക്കഴിഞ്ഞാൽ പിന്നെ പിൻതിരിപ്പിക്കാനാവില്ല, ഇരുവരുടെയും വിശ്വാസത്തെ മാനിക്കുന്നുവെന്ന് അനാമികയുടെ പിതാവ് അശോക് ചണ്ടില്യ അഭിപ്രായപ്പെട്ടു.

ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ലെന്ന് അനാമികയുടെ പിതാവ് പറഞ്ഞു. തങ്ങൾ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ഇത്രപൈട്ടന്ന് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെനും സുമിതിന്റെ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു.

നാലു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ കുഞ്ഞിന് എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ സന്യാസം സ്വീകരിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം അകന്നു താമസിക്കുകയായിരുന്നു ഇരുവരും. ഇനി ദീക്ഷ സ്വീകരിക്കും വരെ ഇരുവരും മൗനവ്രതത്തിലായിരിക്കും.

എന്നാൽ ഇത്രയധികം സ്വത്തും ഏകമകളെയും സ്‌നേഹനിധിയായ ഭാര്യയും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനുള്ള തീരുമാനം ഞെട്ടിച്ചുവെന്ന് സുമിത്തിന്റെ സഹോദരൻ പറഞ്ഞു.