തിരുവനന്തപുരം: തലസ്ഥാന ജില്ലയിലുൾപ്പെടെ സംസ്ഥാനത്തെ പതിനൊന്ന് ബ്രാഞ്ചുകളിലൂടെ 10 കോടി രൂപയുടെ ചിട്ടി ഫണ്ട് തട്ടിപ്പ് നടത്തിയ ത്രിവേണി ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ സ്ഥാപന ഉടമകളായ മൂന്നു പ്രതികൾക്ക് കോടതിയുടെ അന്ത്യശാസനം. കുറ്റം ചുമത്തലിന് ഫെബ്രുവരി 15ന് ഹാജരാകാനാണ് ജില്ലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്ത്യശാസനം നൽകിയത്.

വഞ്ചനാ കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ അതിയന്നൂർ റസ്സൽപുരം പൂക്കൈത പുന്നയ്ക്കാട്ടിൽ വീട്ടിൽ സുനിൽ കുമാർ (33), മന്നൂർക്കോണം ശാസ്താംപാറ റോഡരികത്ത് വീട്ടിൽ ബിനു (36), പെരുങ്കടവിള പൊറ്റ റോസ് വില്ലയിൽ വിൽസ കുമാർ (44) എന്നിവരാണ് ഹാജരാകേണ്ടത്.

2013 - 14 കാലയളവിലാണ് ചിട്ടിഫണ്ടിന്റെ മറവിൽ 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നത്. തലസ്ഥാന നഗരത്തിലും നെടുമങ്ങാട് , വട്ടിയൂർക്കാവ് , തിരുവല്ലം തുടങ്ങി ജില്ലയിലെ മലയോര മേഖലയിലുമടക്കം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങിയാണ് വൻതട്ടിപ്പിന് പ്രതികൾ കളമൊരുക്കിയത്. തമിഴ്‌നാട് രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് ചിട്ടി സ്ഥാപനങ്ങൾ തുടങ്ങിയത്.

ത്രിവേണി ചിട്ടിഫണ്ട് സ്ഥാപനം വിവിധയിടങ്ങളിൽ തുടങ്ങി ഓരോ ശാഖയിലും ഇരുനൂറിലധികം വ്യക്തികളെ വീതം ചിട്ടിയിൽ ചേർത്ത് ഓരോ ബ്രാഞ്ചു മുഖേന ഒരു കോടിയിൽ പരം രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. ചിറ്റാളന്മാരിൽ നിന്ന് തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികളുടെ പേരിൽ പേരിൽ വിവിധ സ്ഥലങ്ങളിൽ വസ്തു വകകളും വാഹനങ്ങളും വാങ്ങിക്കൂട്ടി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു സ്ഥാപന ഉടമകൾ.

2014 ഡിസംബർ 10 ന് മൂന്നു പ്രതികളും അറസ്റ്റിലായി ജയിൽ റിമാന്റിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2015 ഡിസംബർ 26 നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണക്കു മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതിയിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയ പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.