പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. കേസ് അട്ടിമറിക്കുന്നതിന് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി. മണ്ണാർകാട് എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പതിനാറാം തീയതി ഹർജിയിൽ വാദം പൂർത്തിയായി. സാക്ഷികളെ സ്വാധീനീക്കാൻ ശ്രമിക്കരുതെന്ന ജാമ്യവ്യവസ്ഥ പ്രതികൾ ലംഘിച്ചെന്നും ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്.

പ്രതികൾക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഇവർ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.ചിലർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാനുള്ള ചില സാക്ഷികളേയും പ്രതികൾ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ തീർപ്പ് വന്നതിന് ശേഷം മാത്രമേ ഇനി സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു.

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസം ഒരാൾ അറസ്റ്റിലായിരുന്നു. മധുക്കേസിൽ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇയാളുടെ ്രൈഡവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) നാട്ടുകാർ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.