- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം മാറ്റം ശിക്ഷയാണോ? ഉദ്യോഗസ്ഥക്കെതിരായ അച്ചടക്ക നടപടി വൈകുന്നതെന്തിന്? നമ്പി നാരായണന് കൊടുത്തതു പോലെ നഷ്ടപരിഹാരം നൽകണം; പിങ്ക പൊലീസ് കേസിൽ സർക്കാരിന് എതിരെ വിമർശനവുമായി ഹൈക്കോടതി; പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെൺകുട്ടിയും
കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി എടുക്കാൻ വൈകുന്നതു എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. നമ്പി നാരായണന് കൊടുത്തതു പോലെ നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയിൽ അറിയിച്ചു.
പൊലീസുകാരിയുടേത് നിരുപാധിക മാപ്പപേക്ഷയല്ലെയെന്നും അംഗീകരിച്ചുകൂടെയന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. എന്നാൽ കുട്ടി വലിയതോതിലുള്ള മാനസ്സിക സംഘർഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരിൽ നിന്ന് നീതികിട്ടിയില്ലെന്നും അതിനാൽ മാപ്പ് അപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി. കുട്ടിക്ക് മാനസ്സികാവസ്ഥയിൽ പ്രശ്നമൊന്നുമില്ലെന്ന് ചികിത്സിച്ച ഡോക്ടർ കോടതിയിൽ അറിയിച്ചു.
നേരത്തെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിയെ കോടതി വിമർശിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
തന്റെ പെരുമാറ്റം കൊണ്ട് മാനഹാനിയും ബുദ്ധിമുട്ടും ഉണ്ടായ പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു. മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരൂമാനിക്കുന്നത് കുട്ടിയുടെ കുടുംബമാണെന്ന് വ്യക്തമാക്കിയിരുന്നു.
കാക്കി കാക്കിയെ രക്ഷിക്കാൻ വ്യഗ്രത കാണിക്കുന്നതാണ് പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശി കൊണ്ടുള്ള റിപ്പോർട്ടെന്ന് കോടതി വിമർശിച്ചു. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം?, യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ? ആൾക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ കണ്ടാൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്ന് വ്യക്തമാകും. എന്തുകൊണ്ട് കുട്ടിയുടെ വിഷയത്തിൽ ബാലാവകാശ നിയമം പ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് പറയുന്നത് എന്നും കോടതി ചോദിച്ചു. കുട്ടിക്ക് ഉണ്ടായ മാനഹാനി പരിഹരിക്കാൻ സർക്കാരിന് എന്തു ചെയ്യാൻ കഴിയുമെന്ന് കോടതി ചോദിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ കോടതി ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ