- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 40855 പേർ; നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രവും; നഷ്ടപരിഹാരത്തിൽ കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി; ഗുജറാത്ത് മാതൃക പിന്തുടരാൻ നിർദ്ദേശം
ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയ കേരളത്തിന് സുപ്രീംകോടതിയുടെ ശകാരം. കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 40000ത്തോളം കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് വെറും 548 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്ന് കോടതി വിമര്ശിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവർക്കും ഒരാഴ്ചയ്ക്കുള്ളിൽ 50000 രൂപയുടെ സഹായം അനുവദിക്കണമെന്ന് സുപ്രീം കോടതി കേരള സർക്കാറിന് നിർദ്ദേശം നൽകി.
40855 കോവിഡ് മരണമാണ് ഇതുവരെ കേരളത്തിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഇതിൽ 10777 പേരുടെ ബന്ധുക്കളാണ് ഇതുവരെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചതെന്നുമാണ് കേരളം വാദിച്ചത്. ഇതിൽ 1948 പേർക്കാണ് നഷ്ടപരിഹാരത്തിന് അർഹത ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും കേരളം അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് വരെ 548 പേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണത്തിൽ കോടതി തൃപ്തരായില്ല. ജസ്റ്റിസ്മാരായ എംആർ ഷാ, ബി വി നഗരത്ന എന്നിവർ അടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗുജറാത്ത് മാതൃക ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നം കോടതി നിർദ്ദേശിച്ചു.
ക്ഷേമരാഷ്ട്രം എന്ന നിലയിൽ അർഹതപെട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ഒരാഴ്ച്ചയയ്ക്കുള്ളിൽ അപേക്ഷിച്ച എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യാൻ തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചു. ഗുജറാത്ത് മാതൃകയിൽ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നൽകാനും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. അടുത്ത തവണ ഹർജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാനും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ രണ്ടാം സ്ഥാനത്തുള്ള കേരളം നഷ്ടപരിഹാര വിതരണം സംബന്ധിച്ച് ഫയൽ ചെയ്ത സത്യവാങ്മൂലം അവ്യക്തമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനുള്ള അർഹരെ കണ്ടെത്തുന്നതിന് കേരളത്തിൽ രണ്ട് കമ്മിറ്റികളുണ്ടെന്ന് ഹർജിക്കാരൻ ഗൗരവ് ബൻസാൽ വ്യക്തമാക്കി. ജില്ലാ തലത്തിലുള്ള സമിതി നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തുന്നവർക്ക് അതിന് അർഹത ഇല്ലെന്നാണ് സംസ്ഥാന തലത്തിലുള്ള സമിതി പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മരണം കോവിഡ് മൂലമാണെങ്കിൽ അവർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ