തിരുവനന്തപുരം: ബംഗ്‌ളുരുവിൽ നിന്ന് വോൾവോ ബസിൽ തലസ്ഥാനത്തേക്ക് 8 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി വള്ളക്കടവ് അനന്തുവിനെ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടർക്ക് അന്ത്യ ശാസനം നൽകി. 2020 ജൂലൈ 1, 2021 മാർച്ച് 8 , അഗസ്റ്റ് 10 , 2022 ഫെബ്രുവരി 22 എന്നീ തീയതികളിലായി 4 തവണ ആവശ്യപ്പെട്ടിട്ടും പ്രതിയെ ഹാജരാക്കുകയോ സമൻസ് മടക്കുകയോ ചെയ്യാത്തതിന് സിഐയെ വിചാരണ കോടതി രൂക്ഷമായി വിമർശിച്ചു.

സമൻസ് ഉത്തരവ് നടപ്പിലാക്കാത്തതും നടപ്പിലാക്കാത്തതിന് കാരണം കാണിച്ച് റിപ്പോർട്ട് സഹിതം സമൻസ് കോടതിക്ക് മടക്കുകയോ ചെയ്യാത്തതുമാണ് കോടതിയെ ചൊടിപ്പിച്ചത്. സി ഐ യുടെ ഉപേക്ഷ ഗുരുതരമായ കൃത്യവിലോപമാണെന്നും നീതി നിർവ്വഹണത്തെ തടസപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സൂപ്പർവൈസിങ് ഉദ്യോഗസ്ഥരായ ഡിവൈഎസ്‌പിയും റൂറൽ എസ്‌പിയും അടക്കമുള്ള മേലുദ്യോഗസ്ഥരാരും ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതിയെ കുറ്റം ചുമത്തലിനായി ജൂൺ 17 നാണ് ഹാജരാക്കേണ്ടത്.

2020 നവംബർ 27 നാണ് സംഭവം നടന്നത്. വോൾവോ ബസിൽ കഞ്ചാവുമായി വരവേ അമരവിള ചെക് പോസ്റ്റിൽ പിടിയിലാവുകയായിരുന്നു. ബെംഗളുരുവിലെ മഡിവാളയിൽ താമസിക്കുന്ന മലയാളിയുമായി ചേർന്നാണ് പ്രതി കഞ്ചാവെത്തിക്കാൻ ശ്രമിച്ചത്. വിപണിയിൽ നാലു ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. അനന്തു ബാഗിലാണ് കഞ്ചാവ് പൊതിയാക്കി സൂക്ഷിച്ചത്. 27 ന് രാവിലെ ബസ് പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. തലസ്ഥാനത്ത് കഞ്ചാവ് ചില്ലറ വിൽപന നടത്താനായാണ് എത്തിച്ചത്. അനന്തു 2019 ലും കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ നേരത്തെയും പൊലീസും എക്‌സൈസും കേസെടുത്തിട്ടുണ്ട്.