കാസർകോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ വർധിക്കുമ്പോഴും സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിൽ ഹൈക്കോടതി ഇടപെട്ടതോടെ സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാൻ തീരുമാനം. 50-ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയിൽ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതോടെയാണ് തിടുക്കപ്പെട്ട് സമ്മേളനം ചുരുക്കാൻ നേതൃത്വം തീരുമാനിച്ചത്.

സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിലായ കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിക്കുകയാണ്. ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല. കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഇന്നലെ ജില്ലയിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി ഉത്തരവിറക്കിയെങ്കിലും പിന്നീട് അതു റദ്ദാക്കിയത് സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടി പാർട്ടി സമ്മർദം ചെലുത്തിയിട്ടാണെന്ന് ആരോപണമുയർന്നിരുന്നു.

സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മർദത്തെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവ് പിൻവലിച്ചതെന്നാണ് ആക്ഷേപമുയർന്നത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് കളക്ടർ അവധിയിൽ പ്രവേശിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമ്മേളനങ്ങൾ നടത്തപ്പെടുന്നു എന്ന ആരോപണം നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റന്നാൾ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം വെള്ളിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനിടെ സമ്മേളനത്തിനെതിരെ ഹൈക്കോടതി നിർദ്ദേശം കൂടി വന്നതോടെയാണ് വെള്ളിയാഴ്ച തന്നെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഉത്തരവ് പിൻവലിച്ച നടപടിക്കെതിരേ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി കാസർകോട് ജില്ലയിൽ 50-ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടർന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംഘാടകർ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തിവെക്കണമെന്നായിരുന്നു കലക്ടർ ആദ്യം ഇറക്കിയ ഉത്തരവ്. ഇതോടെ സിപിഎം ജില്ലാ സമ്മേളനവും ഒഴിവാക്കേണ്ടി വരുമെന്നതു നേതൃത്വത്തിൽ ആശങ്കയുണ്ടായി. കലക്ടറുടെ ഉത്തരവ് ലംഘിച്ച് സമ്മേളനം നടത്തിയാൽ പാർട്ടിക്കെതിരെ ആരോപണവുമുയരുന്ന സ്ഥിതിയായിരുന്നു.

ജില്ലയിൽ 18,19,20 തിയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി 30.5 % ആയതിന്റെ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമം സെക്ഷൻ 26, 30, 34 പ്രകാരം കലക്ടർ ഉത്തരവിട്ടത്. എന്നാൽ ഉത്തരവിറങ്ങി അര മണിക്കൂറിനകം അതു റദ്ദാക്കി പുതിയ ഉത്തരവിറക്കിയതോടെയാണ് സമ്മേളനം സംബന്ധിച്ച ആശങ്ക ഒഴിഞ്ഞത്.

ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തേ ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊതു പരിപാടികൾ മാറ്റിവെക്കാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ നിർദ്ദേശിച്ചതെന്ന് കലക്ടർ വ്യക്തമാക്കുകയും ചെയ്തു.

പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഇന്ന് ഹർജി എത്തി. സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് കലക്ടർ ഉത്തരവു റദ്ദാക്കിയതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെ എതിർ കക്ഷിയാക്കിയായിരുന്നു ഹർജി. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയെയും കേസിൽ എതിർ കക്ഷിയാക്കി.

ഈ ഹർജിയിൽ പാർട്ടി സമ്മേളനത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഇടപെടൽ ഉള്ളതിനാൽ പിന്നീട് സമ്മേളനം ഇന്നു തന്നെ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

കർഷക കമ്യൂണിസ്റ്റ് സമരങ്ങളുടെ ഈറ്റില്ലമായ മടിക്കൈയിലാണ് സിപിഎം ജില്ലാ സമ്മേളനം കൊടിയേറിയത്. വടക്കേ മലബാറിൽ ദേശീയ പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശമെന്ന ഖ്യാതിയുള്ള മടിക്കൈയിൽ ആദ്യമായാണ് ജില്ല സമ്മേളനം നടക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമായിട്ടാണ് ഇത്തവണത്തെ ജില്ലാ സമ്മേളനം തീരുമാനിച്ചിരുന്നത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്താൻ ഉദ്ദേശിച്ച തിരുവാതിരയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 185 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

എം വിബാലകൃഷ്ണൻ സെക്രട്ടറിയായിട്ടുള്ള 36 അംഗ ജില്ലാ കമ്മിറ്റിയും ഒൻപത് അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് നിലവിൽ പാർട്ടിയെ നയിക്കുന്നത്. നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിലേക്ക് പാർട്ടിയെ നയിച്ച ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യതയേറെ.

കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായി എം.വി ബാലകൃഷ്ണന്റെ പേര് ഉയർന്നിരുന്നുവെങ്കിലും പാർട്ടിയെ നയിക്കാനുള്ള ചുമതല തന്നെ അദ്ദേഹത്തിന് നൽകുകയായിരുന്നു. പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് പൂർത്തിയാക്കിയതും ഇക്കാലത്താണ്.

അട്ടിമറി വല്ലതും സംഭവിച്ചാൽ മാത്രമേ സെക്രട്ടറി സ്ഥാനത്തേക്ക് എം വിബാലകൃഷ്ണൻ അല്ലാത്ത പുതിയ പേര് വരാൻ സാധ്യതയുള്ളു. നേതൃ സ്ഥാനത്തേക്ക് ഉയർന്ന് വരാവുന്ന പേരിൽ ഒരാളായ കെ.പി.സതീഷ്ചന്ദ്രൻ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാനായി അടുത്ത കാലത്ത് ചുമതലയേറ്റിരുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ മുതിർന്ന നേതാവെന്ന നിലയിൽ പി.ജനാർദ്ദനനാണ് പിന്നീടുള്ളത്.

അതെ സമയം ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പുതുമുഖങ്ങളെത്തുമെന്നുറപ്പായിട്ടുണ്ട്. 10 അംഗ സെക്രട്ടേറിയറ്റിൽ മുതിർന്ന നേതാവായ പി. രാഘവൻ ഇത്തവണ ഒഴിവാകാനാണ് സാധ്യത. പകരം പുതിയൊരാൾ സെക്രട്ടേറിയറ്റിൽ എത്തും. യുവതലമുറയിൽ നിന്ന് 3 പേർ ജില്ലാ കമ്മിറ്റിയിലേക്ക് എത്താനാണ് സാധ്യത.

നിലവിൽ ജില്ലാ കമ്മിറ്റിയിൽ 4 പേരാണ് വനിതകളായിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഇ.പത്മാവതി, എം.സുമതി, എം.ലക്ഷ്മി എന്നിവരാണിവർ. ഇതിൽ ഒരാൾ മാറുമെന്നുറപ്പായിട്ടുണ്ട്. പകരം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സനുമായ സുജാത, സിഐടിയു നേതാവും മഞ്ചേശ്വരത്തെ പ്രമുഖ വനിതാ നേതാവായ ബേബി ഷെട്ടി, ജനാധിപത്യ മഹിള അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് പി.സി സുബൈദ എന്നിവരിൽ ആരെങ്കിലും ജില്ലാ കമ്മിറ്റിയിലെത്താനാണ് സാധ്യത.

ജില്ലാ സെക്രട്ടേറിയറ്റിൽ ഇത്തവണ വനിതാ അംഗത്തിന്റെ പ്രാതിനിധ്യം ഉണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളിൽ ഒരാൾ വനിതയായിരിക്കണം എന്നാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ നിലവിലുള്ള 9 അംഗ സെക്രട്ടേറിയറ്റ് 10 ആയി മാറും. വനിതാ പ്രതിനിധിയായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായ കാസർകോട്ടെ എം.സുമതി എത്തുമെന്നാണ് സൂചന. സുമതിയെ കൂടാതെ ഇ.പത്മാവതി, ബേബി ബാലകൃഷ്ണൻ, എം.ലക്ഷ്മി എന്നിവരാണ് വനിതാ പ്രതിനിധികളായി ജില്ലാ കമ്മിറ്റിയിൽ ഉള്ളത്. ഇവരിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് സുമതി എത്താനാണ് സാധ്യത.