- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകൻ; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകൻ; സരിത കീമോതെറാപ്പി എടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനും; അസുഖം കാരണമാണ് കോടതിയിൽ ഹാജർ ആകാതിരുന്നത് എന്ന വാദം പൊളിഞ്ഞു; സോളാർ തട്ടിപ്പ് കേസിൽ കോടതി ജാമ്യം റദ്ദാക്കിയത് ഇങ്ങനെ

കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി. ഇവർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈമാസം 25ന് ഇരുവരെയും കോടതിയിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42.7 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അസുഖം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്റെയും വിശദീകരണം. സ്വമേധയാ ഹാജരായില്ലെങ്കിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. കേസിൽ ഫെബ്രുവരി 25-ന് വിധി പറയും.
സോളാർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണ് വ്യാഴാഴ്ച പരിഗണിച്ചത്. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്. നായരും കോടതിയിൽ ഹാജരായിരുന്നില്ല.
കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ബിജു രാധാകൃഷ്ണൻ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ പറഞ്ഞു.
എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളിൽ പറയുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്നാണ് സരിത, ബിജു രാധാകൃഷ്ണൻ, മൂന്നാംപ്രതി മണിമോൻ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്.


