റോം: കേരളതീരത്തു രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ രണ്ടു നാവികരെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടെന്ന് ഇറ്റലിയുടെ വാദം. അതേസമയം, മധ്യസ്ഥ കോടതിയായ യുഎൻ അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ഇറ്റലി ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് അനുസരിച്ച് നാലുവർഷമായി ഇന്ത്യയിൽ തടവിൽ കഴിയുന്ന നാവികൻ സാൽവത്തോറെ ജിറോണിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഇറ്റലിയിൽ വിശ്രമിക്കുന്ന ലത്തോറെ മാസിമിലാനോയ്ക്കെതിരായ കേസിന്റെ മെറിറ്റ് കോടതി പരിശോധിക്കുമെന്നും ഇറ്റലി വ്യക്തമാക്കുന്നുണ്ട്.

2012ലാണ് കൊല്ലം തീരത്ത് വച്ച് മത്സ്യബന്ധന ബോട്ടിനു നേരെ നാവികർ വെടിവച്ചതിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടത്. തുടർന്ന് നാവികരെ ഇന്ത്യ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരായ വിചാരണ ഡൽഹിയിൽ നടന്നു വരികയാണ്. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര കപ്പൽചാലിൽ ആയതിനാൽ അന്താരാഷ്ട്ര കോടതിയാണ് തീർപ്പ് കൽപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി പരാതി നൽകിയതിനെ തുടർന്ന് കേസിന്റെ വിചാരണ നിറുത്തി വച്ചിരിക്കുകയാണ്.

എന്നാൽ, നാവികരുടെ മോചനവും ജാമ്യവും കോടതി പരിഗണനയിലുള്ള വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കി. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പൽചാലിൽ ആയതിനാൽ അന്താരാഷ്ട്ര കോടതിയാണ് തീർപ്പ് കൽപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി പരാതി നൽകിയതിനെ തുടർന്ന് കേസിന്റെ വിചാരണ നിർത്തി വച്ചിരിക്കുകയാണ്. നാലു വർഷമായി ഇന്ത്യയിൽ കഴിയുകയാണ് സാൽവത്തോറെ ജിറോൺ. മാസിമിലാനോ ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഇറ്റലിയിൽ വിശ്രമിക്കുകയാണ്. സെപ്റ്റംബർ 30 വരെ ഇറ്റലിയിൽ തുടരാൻ ഇന്ത്യയിലെ സുപ്രീംകോടതി മാസിമിലാനോയ്ക്ക് അനുമതി നൽകിയിരുന്നു. കേസ് സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയിലെ നടപടി ക്രമങ്ങൾ 2018 ഡിസംബർ മാസത്തോടെ പൂർത്തിയാവുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീംകോടതി കോടതിയെ അറിയിച്ചിരുന്നു. 2019ൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചതെങ്കിലും അതിനോട് ഇന്ത്യ യോജിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.