തൃശൂർ: അഞ്ചു വർഷത്തിലധികമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജിവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും വിധിച്ചു. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയിൽ വീട്ടിൽ അബു താഹിറി(42)നെയാണ് തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതൽ കഠിനതടവ് അനുഭവിക്കണം.

2015 സപ്തംബർ 18ന് രാത്രി 11 ന് പുതിയഞ്ചേരിക്കാവ് കൂട്ടുകുളത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്പത്തേൽപ്പടി വാലിയിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൾ ഷമീറ (34)യാണ് കൊല്ലപ്പെട്ടത്. കുന്നംകുളം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന വി എ കൃഷ്ണദാസാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഡിനി പി ലക്ഷ്മണിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.