കൊല്ലം: സീറോ മലബാർ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ ലത്തീൻ കത്തോലിക്കാ സഭയെയും വെട്ടിലാക്കി കോടതി വിധി. കർദിനാളിനെതിരായ ഭൂമി ഇടപാട് കേസ് കോടതി കയറിയതും ഒടുവിൽ താൽക്കാലികമായി കേസ് കോടതി ഇടപെട്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ത്തീൻ കത്തോലിക്കാ രൂപതാ ബിഷപ് സ്റ്റാൻലി റോമനെ കൊല്ലം മുൻസിഫ് കോടതി വിലക്കിയത്.

കാനോൻ നിയമനുസരിച്ചു സ്ഥാനമൊഴിയേണ്ട പ്രായപരിധി കഴിഞ്ഞതിനാൽ ഭരണച്ചുമതല നിർവഹിക്കുന്നതിൽനിന്നാണ് അദ്ദേഹത്തെ വിലക്കിയത്. സഭയിലെ അധികാരപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്നാണ് അദ്ദേഹത്തെ വിലക്കിയിരിക്കുന്നത്. ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റുമാരായ വെസ്റ്റ് കല്ലട പാട്ടക്കടവ് ആൻസി കോട്ടേജിൽ എൽ. തങ്കച്ചൻ, കണ്ടച്ചിറ നമ്പുവിള പടിഞ്ഞാറ്റതിൽ ഹിലാരി സഖറിയ എന്നിവർ അഡ്വ. നീണ്ടകര ആർ. രമേശ്കുമാർ മുഖേന ഫയൽ ചെയ്ത കേസിൽ മുൻസിഫ് ആർ. ജ്യോതിബാബുവാണു വിധിപ്രസ്താവിച്ചത്.

രൂപതയുടെ പണം ചെലവാക്കുന്നതും സഭാസ്വത്തുക്കൾ വിൽക്കുന്നതോ ബാധ്യതപ്പെടുന്നതോ സംബന്ധിച്ചുമുള്ള നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും പുരോഹിതരെയോ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സ്ഥലംമാറ്റുന്നതും തടഞ്ഞു കൊണ്ടാണ് കോടതി ഉത്തരവ്. എന്നാൽ, മതപരമായ ചടങ്ങുകൾ നടത്തുന്നതിന് ഉത്തരവു ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കാനോൻനിയമപ്രകാരം നിയമിതനായ ബിഷപ് 184, 401 വകുപ്പുകൾ പ്രകാരം 74 വയസ് പൂർത്തിയായാൽ മാർപാപ്പയ്ക്ക് രാജിക്കത്ത് അയയ്ക്കണം. ഇതാണ് സാധാരണയുള്ള ചട്ടം. തുടർന്ന് 75 വയസ് കഴിയുമ്പോൾ സ്ഥാനമൊഴിഞ്ഞു പിൻഗാമിക്ക് അധികാരം കൈമാറണം. എന്നാൽ, ഈ കാലാവധി കഴിഞ്ഞ ബിഷപ് സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. മാത്രമല്ല, സഭാസ്വത്തുക്കൾ വിൽപ്പന നടത്തുന്നതായും ഭരണത്തിൽ ക്രമക്കേടു നടത്തുന്നതായും ആരോപിച്ചു വിശ്വാസികളിൽ ചിലർ രംഗത്തുവന്നിരുന്നു.

സ്ഥാനമൊഴിയും മുമ്പു സ്വത്തുക്കൾ കൈകാര്യം ചെയ്യാനും ജീവനക്കാരെ സ്ഥലംമാറ്റാനും ശ്രമിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു വാദികൾ കോടതിയെ സമീപിച്ചത്. നിലവിൽ ബിഷപ് സ്റ്റാൻലി റോമൻ ഈപദവിയുടെ ചുമതലക്കാരൻ മാത്രമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കാേനാൻ നിയമങ്ങളുടെ ലംഘനം നടന്നതിനാൽ ബിഷപ്പിനെ പ്രാർത്ഥനാധികാരം മാത്രമുള്ള കാവൽ ബിഷപ്പായി കോടതിക്കു കണക്കാക്കേണ്ടിവന്നു.

സാധാരണ നിലയിൽ സഭാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രത്യേകിച്ച് പുരോഹിതരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി ഇടപെടൽ നടത്തുന്ന സാഹചര്യം കേരളത്തിൽ കുറവാണ്. എന്നാൽ, സഭയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഓരോന്നായി പുറത്തുവന്നപ്പോൾ കേസ് ഹൈക്കോടതിയിലേക്ക് നീങ്ങി. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത ശേഷം പിന്നീട് ഹൈക്കോടതി ഉത്തരവ് പ്രകാരം തുടരന്വേഷണത്തിന് സ്റ്റേ നല്കുകയുണ്ടായി. ഈ കേസ് ഇപ്പോൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

നേരത്തെ ബിഷപ്പ് സ്റ്റാൻലി റോമൻ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തി എന്ന ആരോപണവുമായി സഭാ വിശ്വാസിയായ അഭിഭാഷകനും രംഗത്തെത്തിയിരുന്നു. 2011ൽ തങ്കശേരിയിലെ സഭയുടെ അധീനതയിലുണ്ടായിരുന്ന ഭൂമി കോടികൾക്ക് വിൽപന നടത്തിയതിന് പിന്നിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് ആരോപണം ഉയർന്നിരുന്നത്. ലക്ഷങ്ങൾ സെന്റിന് വിലമതിക്കുന്ന ഭൂമി വെറും ഒരു കോടിയിൽപരം രൂപയ്ക്ക് വിറ്റതായാണ് രേഖകളെന്നും അഡ്വ. ബോറിസ് പോളി ആരോപിച്ചിരുന്നു.

നിരവധി ഭൂമി ഇടപാടുകളും അതിരൂപതയിൽ നടന്നിട്ടുണ്ടെന്നും അതിന്റെ ഒക്കെ പിന്നിലും ഇത്തരം ക്രമക്കേടുകൾ ഉണ്ടെന്നും ബോറിസ് ആരോപിക്കുകയുണ്ടായി. ഭൂമി വാങ്ങിയ ആൾ ഒരു കോടിയേ രേഖകൾ പ്രകാരം ഉള്ളെങ്കിലും അതിലും ഒക്കെ ഉയർന്ന വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നുമാണ് ആരോപണം ഉയർന്നത്.