ന്യൂയോർക്ക്: ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കി ന്യൂയോർക്ക് ഫെഡറൽ ജഡ്ജി നിക്കോളാസ് ഗരൊഫിയുടെ ഉത്തരവ്. അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പുർണമായും പുനഃസ്ഥാപിക്കുന്നുവെന്നതാണ് ഡിസംബർ 4 വെള്ളിയാഴ്ച ന്യൂയോർക്ക് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനും ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് വുഡ് അറൈവൽസ് നിയമം അസ്ഥിരപ്പെടുത്തുന്നതിന് ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിച്ചിരുന്നു. 2017ലായിരുന്നു ഈ ആക്ട് ഒബാമ നടപ്പാക്കിയത്.

2017 ജൂലൈയിൽ ഡിപ്പാർട്ട്മെന്റ് ഹോംലാന്റ് സെക്യൂരിറ്റി ആക്ടിങ് സെക്രട്ടറി ചാഡ് വുർഫ് ഡി.എ.സിഎ സസ്പെൻഡ് ചെയ്തത് പൂർണമായും പുനഃസ്ഥാപിക്കുന്നുവെന്ന് ആറു പേജുള്ള ഉത്തരവിൽ ജഡ്ജി ചൂണ്ടിക്കാട്ടി. ചാഡ് വുർഫിന് ഇങ്ങനെയൊരു ഉത്തരവ് ഇറക്കുന്നതിന് അധികാരമില്ലെന്നും വിധിയിൽ പറയുന്നു.

വെബ്സൈറ്റിൽ ഉത്തരവിന്റെ പൂർണരൂപം ഡിസംബർ 7 തിങ്കളാഴ്ച പൊതുജനങ്ങൾക്ക് കാണുംവിധം പരസ്യപ്പെടുത്തണമെന്നും പുതിയ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങണമെന്നും, പഴയതുപോലെ രണ്ട് വർഷത്തെ വർക്ക് പെർമിറ്റ് പുതുക്കി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.