സിഡ്‌നി: ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയൻ സർക്കാർ. യാത്രക്കാർക്കുള്ള വാക്സിൻ എന്ന നിലയിലാണ് ഓസ്ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്‌മിനിസ്ട്രേഷൻ കൊവാക്സിന് അംഗീകാരം നൽകിയത്.

ഓസ്ട്രേലിയയുടെ ഇന്ത്യയിലേക്കുള്ള ഹൈക്കമ്മീഷണർ ബാരി ഒ ഫാരൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അംഗീകൃത വാക്സിനുകളുടെ പട്ടികയിലാണ് കൊവാക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് വാക്സിന് ഓസ്ട്രേലിയ ഇതേരീതിയിൽ അംഗീകാരം നൽകിയിരുന്നു. നേരത്തെ ഈ വാക്സിൻ ഓസ്ട്രേലിയയുടെ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല.

 

ഓസ്ട്രേലിയയിലേക്ക് യാത്രചെയ്യുന്നതിന് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാണ്. കോവിഡ് വാക്സിനുകൾ അംഗീകരിക്കുന്ന ഓസ്ട്രേലിയൻ സംവിധാനമാണ് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്‌മിനിസ്ട്രേഷൻ.

കൊവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്.