തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് 42,346 കോവിഡ് കേസുകൾ. ഇതിൽ 29,322ഉം കേരളത്തിൽ. 340 പേരാണ് ഇന്നലെ കോവിഡു കാരണം മരിച്ചത്. ഇതിൽ 131 എണ്ണവും കേരളത്തിൽ. ആകെയുള്ളത് 3,99,498 കോവിഡ് ആക്ടീവ് കേസുകളാണ് രാജ്യത്ത്. അതിൽ 2,46,467 പേരും കേരളത്തിലെ ആശുപത്രികളിലാണ് കിടക്കുന്നത്. ഈ കണക്കുകളിലെ പ്രതിസന്ധി കേരളാ സർക്കാരും തിരിച്ചറിയുന്നു. ഇനി തള്ളുകളില്ല. നടപടികളിലേക്ക് കടക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സൂചന.

കേരളത്തിൽ 29,232ഉം മഹാരാഷ്ട്രയിൽ 4313ഉം കർണ്ണാടകയിൽ 1220ഉം തമിഴ്‌നാട്ടിൽ 1566ഉം ആന്ധ്രാപ്രദേശിൽ 1520 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അതായത് ആകെ രോഗികളുടെ 95 ശതമാനത്തോളവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. ഫലത്തിൽ രാജ്യത്തിന്റെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളും കോവിഡ് ഭീതിയെ അതിജീവിച്ചു കഴിഞ്ഞു. ഇന്നലെ 2.4 ലക്ഷം പരിശോധന നടത്തിയപ്പോൾ യുപിയിൽ കണ്ടെത്തിയത് വെറും 15 പുതിയ കോവിഡ് കേസുകളാണ്. രോഗവ്യാപനം അതിരൂക്ഷമാകുമ്പോഴും കേരളത്തിൽ ഇന്നലെ നടന്നത് വെറും 1.6ലക്ഷം ടെസ്റ്റുകാണ്.

പ്രതിരോധത്തിന് അപ്പുറം നിയന്ത്രണ നടപടികൾ ഇനി കേരളം എടുക്കേണ്ടതുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ ഇനി ലോക്ഡൗൺ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സൂചന നൽകി. വീടുകളിൽ ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങിയാൽ പിഴ ചുമത്തണമെന്നും അവരുടെ സ്വന്തം ചെലവിൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നും തദ്ദേശസ്ഥാപന പ്രതിനിധികളുമായി നടത്തിയ വിഡിയോ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വാക്‌സിനേഷനൊപ്പം മറ്റ് നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം.

സംസ്ഥാന വ്യാപക ലോക്ഡൗൺ പോലുള്ള നടപടികൾ സമ്പദ്ഘടനയ്ക്കും ജീവനോപാധികൾക്കും സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്. സാമൂഹിക പ്രതിരോധശേഷി നേടി സാധാരണ നിലയിലേക്കു നീങ്ങണമെന്നാണു വിദഗ്ധരുടെ അഭിപ്രായമെന്നും പറഞ്ഞു. ഞായർ ലോക്ഡൗൺ, രാത്രി കർഫ്യൂ എന്നിവ പിൻവലിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ ശുപാർശയുടെ പശ്ചാത്തലത്തിൽ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേരും. പ്രായോഗികമായവ നടപ്പാക്കും.

രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരാൻ കാരണം പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച വിള്ളലാണെന്നു സംസ്ഥാന സർക്കാർ സമ്മതിച്ചു കഴിഞ്ഞു. ക്വാറന്റൈൻ, ഐസലേഷൻ വ്യവസ്ഥകൾ കർശനമാക്കുന്നതിനു ചീഫ് സെക്രട്ടറി വി.പി. ജോയി ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരോക്ഷമായി വ്യക്തമാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ ഇപ്പോൾ കേരളത്തിലാണ്. പൊലീസും തദ്ദേശ സ്ഥാപനങ്ങളും പിന്മാറുകയും ആരോഗ്യ വകുപ്പിനു വാക്‌സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതുമാണു പ്രതിരോധ പ്രവർത്തനങ്ങളെ തളർത്തിയത്.

ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്നു വിവിധ സർക്കാർ വകുപ്പുകൾ ഉറപ്പാക്കണമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. വാർഡ്തല സമിതികൾ, റവന്യു തദ്ദേശസ്ഥാപന ആരോഗ്യ പൊലീസ് വകുപ്പുകൾ എന്നിവ ക്വാറന്റൈൻ കർശനമാക്കുന്നതിൽ ഇടപെടണം. ക്വാറന്റീനിൽ കഴിയുന്നവർക്ക് അത്യാവശ്യ ഘട്ടത്തിൽ അവശ്യസാധനങ്ങൾ എത്തിക്കാനും ഈ വകുപ്പുകൾക്കാണു ചുമതല. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ വിവിധ നിയമങ്ങൾ അനുസരിച്ചു കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

രണ്ടാഴ്ച കൊണ്ട് ആക്ടീവ് കേസുകളും രോഗികളുടെ എണ്ണവും കുറയ്ക്കാനാണ് കേരളത്തിന്റെ തീരുമാനം. രാജ്യത്തെ കോവിഡ് ഹബ്ബ് എന്ന പേരുദോഷം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ട ഇടപെടലുകൾ കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾ കൂടി തിരിച്ചറിഞ്ഞ് ചെയ്യാൻ സർക്കാർ നിർബന്ധതരാകുമെന്നാണ് സൂചന.