ന്യൂഡൽഹി: കോവിഡ് വ്യാപനം കുതിച്ചുയരുന്ന മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമെന്ന് കേന്ദ്രസർക്കാർ. കോവിഡ് കേസുകൾ കൂടുതലായി കണ്ടെത്തിയ പത്തു ജില്ലകളിൽ ഒൻപതും മഹാരാഷ്ട്ര സംസ്ഥാനത്തിലാണ്. ഒരെണ്ണം കർണാടകയിലാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളിൽ 88 ശതമാനവും 45 വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പഞ്ചാബിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതിൽ കേന്ദ്രസർക്കാർ ആശങ്ക രേഖപ്പെടുത്തി. ഗുജറാത്തിൽ 1700 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിൽ 1500 പേർക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. തമിഴ്‌നാട്ടിലും കർണാടകയിലും ജാഗ്രത പാലിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിന്റെ ( ഡബിൾ മ്യൂട്ടന്റ് വേരിയന്റ്) സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് പുറമേയാണിത്.