ന്യൂഡൽഹി: കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളത്തിൽ ടിപിആർ കുറഞ്ഞെങ്കിലും രോഗികൾ കൂടുന്നു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു.

സംസ്ഥാനത്ത് കോവിഡിനൊപ്പം ഓമിക്രോൺ വകഭേദവും ഉയരുകയാണ്. മുൻ ദിവസങ്ങളേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകൾ നിർണായകമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് തീരുമാനിക്കും.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 36,265 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംൈബയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 20,181 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 79 പേർക്കു കൂടി ഓമിക്രോൺ വകഭേദം കണ്ടെത്തി. ഇതിൽ 57ഉം മുംബൈയിലാണ്. രാജ്യത്ത് മഹാ നഗരങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും മഹാനഗരമായ മുംബൈയിലും കോവിഡ് കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

ഡൽഹിയിൽ വ്യാഴാഴ്ച 15,097 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഡിസംബർ 28ന് ശേഷമുള്ള വർധവ് 30മടങ്ങാണ്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവില്ല. നിലവിൽ 1091 പേരാണ് ആശുപത്രിയിൽ കഴിയുന്നത്.

മഹാനഗരമായ മുംബൈയിൽ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 20,181 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാൽ നിറഞ്ഞ അവസ്ഥയാണ് മുംബൈയിൽ. 500 കെട്ടിടങ്ങൾ നഗരത്തിൽ സീൽ ചെയ്തു. മുംബൈയിലെ പുതിയ കേസുകളിൽ 85 ശതമാനത്തിനും ലക്ഷണങ്ങളുണ്ടായിരുന്നില്ല.

1170 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 106 പേർക്ക് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നു. ഓമിക്രോൺ കേസുകളിലും മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. ഓമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതിന് ശേഷമാണ് സംസ്ഥാനത്തും മുംബൈ നഗരത്തിലും കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. അതേസമയം കേസുകൾ കൂടുമെന്നത് മുൻകൂട്ടിക്കണ്ട് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടിൽ വാളയാർ ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാർ ഓഫീസുകളിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരേയാണ് രാത്രി കർഫ്യു ഏർപ്പെടുത്തിയത്.

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി . ബെംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളിൽ മദ്യഷോപ്പുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടി.പി.ആർ. വരുന്ന ആറ് ആഴ്ച അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.