തിരുവനന്തപുരം: കേരളത്തിൽ 22,946 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,36,030 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5057 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,21,458 കോവിഡ് കേസുകളിൽ, 3.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 181 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5280 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 579, കൊല്ലം 29, പത്തനംതിട്ട 487, ആലപ്പുഴ 336, കോട്ടയം 308, ഇടുക്കി 227, എറണാകുളം 1607, തൃശൂർ 402, പാലക്കാട് 215, മലപ്പുറം 133, കോഴിക്കോട് 513, വയനാട് 66, കണ്ണൂർ 280, കാസർഗോഡ് 98 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,28,710 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

മൂന്നാം തംരഗത്തിൽ ആദ്യമായാണ് കോവിഡ് കണക്ക് 20000 കടക്കുന്നത്. ഈ തോതിൽ കാര്യങ്ങൾ നീങ്ങിയാൽ കേരളം കോവിഡ് ഹബ്ബായി മാറും. നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ ആശുപത്രിയിൽ അടക്കം രോഗ വ്യാപനത്തിന്റെ പ്രതിസന്ധി രൂക്ഷമാകും. തിരുവനന്തപുരത്ത് പാർട്ടി സമ്മേളനവും മാളുകളിലെ തിരക്കുമാണ് കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. ഉത്തരേന്ത്യയിൽ രോഗ വ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ കുതിച്ചുയരുന്നത്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത വിധമാണ് കോവിഡ് രോഗികൾ കേരളത്തിൽ ഉയരുന്നത്. അടുത്ത ഒരാഴ്ച കൂടി ഈ സ്ഥിതി തുർന്നാൽ എല്ലാം കൈവിട്ടു പോകും. കേരളത്തിൽ വലിയ നിയന്ത്രണമൊന്നും സർക്കാർ ഇനിയും ഏർപ്പെടുത്തിയിട്ടില്ല. ആൾക്കൂട്ട നിയന്ത്രണത്തിലെ ഉത്തരവുകൾ പോലും വാക്കുകളിലും അക്ഷരങ്ങളിലും ഒതുങ്ങുകയാണ്. മലയാളി കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഇന്നത്തെ കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.