ന്യൂഡൽഹി: കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടിപിആർ നിരക്കും രോഗികളും കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നിൽ. രാജ്യത്തെ ആകെ കേസുകളുടെ 24.68 ശതമാനമാണിത്. ഒപ്പം വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തിൽ കൂടുതലാണെന്നും 47 ശതമാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയിലും കേരളത്തെ രൂക്ഷമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിമർശിച്ചത്. കേരളം കോവിഡ് മരണങ്ങൾ കൂട്ടിച്ചേർത്തതിലാണ് വിമർശനം. കൃത്യസമയത്ത് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളാ മോഡലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു.

ഒക്ടോബർ മുതൽ ഇതുവരെ 24,730 രേഖപ്പെടുത്താത്ത മരണങ്ങളാണ് കൂട്ടിച്ചേർത്തത്. മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗികളുടെ എണ്ണവും മരണസംഖ്യയും കുറ്റമറ്റതാകണമെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് നേരത്തെ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

കേരളത്തോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലും കൊറോണ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് കേരളം തന്നെയാണ്. അതേസമയം കേരളത്തിൽ ഇന്ന് 42,677 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1,14,610 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതായും ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സജീവ കോവിഡ് കേസുകളിൽ സ്ഥിരമായ കുറവും കുറയുന്ന പ്രതിദിന പോസിറ്റിവിറ്റി നിരക്കും അണുബാധയുടെ വ്യാപനത്തിന്റെ കുറവ് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 297 ജില്ലകളിൽ കോവിഡ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികമാണ്. ജനുവരി 26 ന് 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികം ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച 169 ജില്ലകളിലായിരുന്നു 5 മുതൽ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത്. ഈ ആഴ്ച ഇത് 145 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.