- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന് ഒപ്പം കുതിച്ചുയർന്ന് ഓമിക്രോൺ; രാജ്യത്ത് നിയന്ത്രണം കടുപ്പിച്ച് മഹാനഗരങ്ങൾ; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ; മുംബൈ ലോക്ഡൗണിലേക്ക്; കൊൽക്കത്തയിൽ പൊതു ഇടങ്ങളിൽ നിയന്ത്രണം
മുംബൈ: കോവിഡിനൊപ്പം ഓമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങൾ. ഡൽഹിയിൽ സർക്കാർ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയിൽ തുടർന്നാൽ മുംബൈയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇരു നഗരങ്ങളിലെയും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായത്.
മഹാരാഷ്ട്രയിലും ഡൽഹിയിലും ബംഗാളിലും കോവിഡ് കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 18,466 പേർക്കാണ് വൈറസ് ബാധ. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 66,308 ആയി. ഇന്ന് മാത്രം 20 പേർ മരിച്ചു. അതേസമയം സംസ്ഥാനത്ത് ഓമിക്രോൺ കേസുകളുടെ എണ്ണം 653 ആയി. 259 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതൽ കോവിഡ്, ഓമിക്രോൺ രോഗികളുള്ളത്. പശ്ചിമബംഗാളിൽ 9,073 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,768 പേർ രോഗമുക്തി നേടി. 16 പേർ മരിച്ചു.
തിങ്കളാഴ്ച 4,099 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച അത് 5,481 ആയി ഉയർന്നു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോമിലേക്കു മാറണം. സ്വകാര്യ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ മാത്രം വച്ചു പ്രവർത്തിക്കണമെന്നും സിസോദിയ നിർദേശിച്ചു.
ശനി, ഞായർ ദിവസങ്ങളിലായിരിക്കും കർഫ്യൂ. ജനങ്ങൾ അത്യാവശ്യ കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂവെന്ന് ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സിസോദിയ പറഞ്ഞു.
ബസിലും മെട്രോയിലും പ്രവേശനം പകുതി പേർക്കു മാത്രമാക്കിയതോടെ ബസ് സ്റ്റോപ്പുകളും മെട്രോ സ്റ്റേഷനുകളും കോവിഡ് പരത്തുന്ന കേന്ദ്രങ്ങളായിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ഉപമുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് ബസിലും മെട്രോയിലും മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. യാത്രയ്ക്ക് മാസ്‌ക് നിർബന്ധമാണെന്ന് സിസോദിയ വ്യക്തമാക്കി.
ഡൽഹിയിൽ നിലവിൽ 11000 ആക്ടിവ് കേസുകളാണ് ഉള്ളത്. ഇതിൽ 350 പേരാണ് ആശുപത്രിയിൽ ഉള്ളത്. 124 പേർക്ക് ഓക്സിജൻ നൽകുന്നുണ്ട്. ഏഴു പേർ വെന്റിലേറ്ററിൽ ആണെന്നും സിസോദിയ അറിയിച്ചു.
ബംഗാളിൽ കോവിഡ് വ്യാപനം ഏറിയതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകൾ അടക്കം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു. പൊതുഇടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.
വാരാന്ത്യ കർഫ്യൂവിന് പുറമെ ഡൽഹിയിൽ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സർവീസുകൾ മാറ്റമില്ലാതെ തുടരും. അവശ്യ സർവീസുകളിൽ ഉള്ള ജീവനക്കാർ ഒഴികെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച 4,099 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച അത് 5,481 ആയി ഉയർന്നു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതിദിന കോവിഡ് കേസുകൾ 20,000 കവിഞ്ഞാൽ മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയർ കിഷോരി പട്നേക്കർ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാർത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആൾക്കൂട്ടത്തിൽ കുറവുവന്നില്ലെങ്കിൽ മിനി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നും മേയർ പറഞ്ഞു.
കഴിഞ്ഞദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,082 ആണ്. ഏപ്രിൽ 18 ന് ശേഷം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 40 പുതിയ ഓമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിലെ ആകെ ഓമിക്രോൺ കേസുകളുടെ എണ്ണം 368 ആയി
ന്യൂസ് ഡെസ്ക്