മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾക്ക് ഒപ്പം ഓമിക്രോൺ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ ബുധനാഴ്ച 26,358 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 87 പേർക്ക് രോഗലക്ഷണങ്ങളില്ല. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 87,505 ആയി.

ചൊവ്വാഴ്ചത്തേതിലും 8072 കേസുകളുടെ വർധനയാണ്. എട്ടു മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 15,166 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തരംഗം രൂക്ഷമായി ആഞ്ഞടിച്ച മുംബൈയിൽ മറ്റൊരു കോവിഡ് കൊടുങ്കാറ്റ് ഉണ്ടാകുമെന്നാണു പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

നഗരങ്ങളിൽ കൂടുതലായി പടരുന്നത് ഓമിക്രോൺ വകഭേദമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വൈറസ് വ്യാപനം കുറയ്ക്കാൻ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഓമിക്രോൺ കേസുകളിൽ ഏറ്റവും കൂടുതൽ മുംബൈയിലാണ്. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 15 വരെ കർശന നിയന്ത്രണങ്ങളാണു വാണിജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ കോളജുകളെല്ലാം ഫെബ്രുവരി 15 വരെ അടച്ചിടുമെന്നു സർക്കാർ അറിയിച്ചു.

2020ൽ കോവിഡ് വ്യാപനം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം പ്രതിദിന കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം തരംഗം രൂക്ഷമായിരുന്ന 2021 ഏപ്രിൽ മാസത്തിൽ നാലാം തീയതി റിപ്പോർട്ട് ചെയ്ത 11,163 കേസുകളാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നത്. സംസ്ഥാനത്ത് 144 പേർക്ക് കോവിഡിന്റെ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതിൽ നൂറും മുംബൈയിലാണ്.

പശ്ചിമബംഗാളിൽ ഇന്ന് 14,022 പേർക്കാണ് കോവിഡ് ബാധിച്ചത്. 17 പേർ മരിച്ചു. 6438 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 33,042 ആയി. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ബംഗാളിലാണ്.

ഡൽഹിയിൽ ഇന്ന് 10,665 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിപിആർ നിര്ക്ക് 11.88 ആയി.എട്ടുപേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. സജീവകേസുകൾ 23,307 ആണ്

കർണാടകയിൽ ഇന്നലെത്തിനാക്കാൾ ഇരട്ടിപേർക്കാണ് ഇന്ന് രോഗം കോവിഡ് സ്ഥിരീകരിച്ചത്. 4246 പേർക്കാണ് വൈറസ് ബാധ. 2 പേർ മരിച്ചു. 362 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 17414 പേരാണ്.

തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ന് 4862 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടിയാണ് വർധന. കേസുകൾ ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി തുറന്ന സ്‌കൂളുകൾ നാളെ മുതൽ ഇനി അറിയിപ്പുണ്ടാകും വരെ അടച്ചിടാനും തീരുമാനമായി.

തമിഴ്‌നാട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധ ഉയരുകയാണ്. ഓമിക്രോൺ വകഭേദം പ്രതീക്ഷിച്ചതിലും അധികം വ്യാപിച്ചേക്കാം എന്ന ആശങ്കയും സർക്കാരിനുണ്ട്. മാസങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രതിദിന വർദ്ധനയും ഇന്നലെ രേഖപ്പെടുത്തി. ജനങ്ങൾ സാമൂഹിക നിയന്ത്രണങ്ങൾ ഏതാണ്ട് മറന്ന മട്ടിലും. മാസ്‌ക് വയ്ക്കാതെ തെരുവിലിറങ്ങുന്നവരെ ബോധവൽക്കരിക്കാൻ ഇന്നലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വരെ നേരിട്ടിറങ്ങി.

രോഗം പടരാതിരിക്കാൻ വ്യാഴാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെ കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ സിനിമാ തീയേറ്ററുകൾ അടക്കം ഒന്നിനും പ്രവർത്തിക്കാൻ അനുമതിയില്ല. രാത്രി പാൽ, പത്രം ആശുപത്രി, ഇന്ധന പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകളടക്കം അവശ്യ സർവീസുകൾക്കും മാത്രമേ രാത്രി പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. 1 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് നാളെ മുതൽ വീണ്ടും ഓൺലൈൻ പഠനം മാത്രമായിരിക്കും. ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം നൽകാൻ സർക്കാർ നിർദേശിച്ചു.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ഹോട്ടലുകളിലും മെട്രോ ട്രെയിനിലുമടക്കം 50 ശതമാനം ആളുകൾ മാത്രമെന്ന മുൻ നിർദേശങ്ങൾ തുടരും. ഞായറാഴ്ച പരിപൂർണ ലോക്ഡൗണായിരിക്കും. സർക്കാർ നടത്താനിരുന്ന പൊങ്കൽ ആഘോഷപരിപാടികൾ ഉപേക്ഷിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ആശുപത്രി കിടക്കകൾ തയ്യാറാക്കുകയാണ് സർക്കാർ. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കോവിഡ് ആശുപത്രിയാക്കി. ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളുമടക്കം കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആക്കാനും നടപടി തുടങ്ങി.

കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന ആശങ്കകൾ നിലനിൽക്കെ ബിഹാറിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണു നിയന്ത്രണം. സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ ഓഫിസുകൾ 50 ശതമാനം ഹാജരിൽ പ്രവർത്തിക്കാം.

ആരാധനാലയങ്ങൾ, പാർക്കുകൾ, ജിം, മാൾ എന്നിവയും അടച്ചിടാൻ നിർദേശമുണ്ട്. മത, സാമൂഹിക ചടങ്ങുകളിൽ പരമാവധി 50 പേർക്കു പങ്കെടുക്കാം. വിവാഹ ചടങ്ങുകളിൽ 50, ശവസംസ്‌കാര ചടങ്ങുകളിൽ 20 എന്നിങ്ങനെയാണ് അനുവദനീയമായ സംഖ്യ

കോവിഡ് വ്യാപനം വർധിക്കുന്നത് പരിഗണിച്ച് ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സാമൂഹിക പരിഷ്‌കരണ യാത്ര അവസാനിപ്പിച്ചു. ഡിസംബർ 22ന് ആരംഭിച്ച യാത്ര ജനുവരി 15വരെയാണു നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രതിവാര ജനമ്പർക്ക പരിപാടിയായ ജനതാ ദർബാറും നിർത്തിവച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ജനതാ ദർബാറിൽ പങ്കെടുത്ത 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.

രാജ്യത്ത് ജനുവരി പത്തുമുതൽ വിതരണം ചെയ്യുന്ന കരുതൽ വാക്സിൻ സംബന്ധിച്ച് വ്യക്തത വന്നു. നേരത്തെ രണ്ടു ഡോസായി ലഭിച്ച വാക്സിൻ തന്നെയാണ് കരുതൽ വാക്സിനായി നൽകുക എന്ന് വിദഗ്ധ സമിതി അംഗം ഡോ വി കെ പോൾ പറഞ്ഞു. നേരത്തെ കോവാക്സിൻ ആണ് ലഭിച്ചതെങ്കിൽ കരുതൽ വാക്സിനായി അതുതന്നെയാണ് നൽകുക. കോവിഷീൽഡാണെങ്കിൽ വീണ്ടും കോവിഷീൽഡ് വാക്സിൻ തന്നെ ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആഗോളതലത്തിൽ 108 പേർ ഓമിക്രോൺ ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരള, തമിഴ്‌നാട്, കർണാടക, ഝാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ ആശങ്ക ഉളവാക്കുന്നതാണ്. ഇവിടെ കോവിഡ് കേസുകൾ ഉയരുകയാണ്. രാജ്യത്തെ 28 ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ലാവ് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ എട്ടുദിവസത്തിനിടെ കോവിഡ് കേസുകളിൽ 6.3 മടങ്ങിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഡിസംബർ 29ന് 0.79 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇത് ഇന്ന് 5.03 ശതമാനമായി ഉയർന്നതായും അദ്ദേഹം അറിയിച്ചു. ഒമൈക്രോണിനെ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള ആർടി- പിസിആർ പരിശോധനാകിറ്റ് വികസിപ്പിച്ചു. ടാറ്റയുമായി സഹകരിച്ച് ഐസിഎംആർ വികസിപ്പിച്ച കിറ്റിന് ഡിസിജിഐ അനുമതി നൽകിയതായും ഡോ ബൽറാം ഭാർഗവ അറിയിച്ചു.