തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വരവിൽ സ്ഥിതി ഗുരുതരമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. കോവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് ജില്ലകളിൽ 40 ലേറെയാണ് ടിപിആർ. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സർക്കാർ നടത്തുന്നത്. എന്നാൽ അതിനർത്ഥം സമ്പൂർണ അടച്ചുപൂട്ടലല്ലെന്നും മന്ത്രി ഒരു ന്യൂസ് ചാനലിനോട് വ്യക്തമാക്കി.

ഏറ്റവും ശാസ്ത്രീയമായി വിഷയത്തെ സമീപിക്കുകയാണ് സർക്കാറെന്നും മന്ത്രി രാജൻ ആവർത്തിച്ചു. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാരിന്റേത്. രണ്ടാം തരംഗത്തിൽ സംഭവിച്ചത് പോലെ ഓക്‌സിജൻ ലഭ്യതക്ക് ഇതുവരെ പ്രതിസന്ധിയില്ല'.

കോവിഡ് പ്രതിരോധത്തിനായി സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് കോവിഡ് അവലോകന യോഗം ചേരുമെന്നും ജനങ്ങളുടെ ജാഗ്രതയും ബോധവത്ക്കരണവുമാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 34,199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49 പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു. നിലവിൽ 1,68,383 പേരാണ് ചികിത്സയിലുള്ളത്.സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്നത് അതിവേഗ വ്യാപന ശേഷിയുള്ള ഓമിക്രോണിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ചക്കുള്ളിൽ രോഗബാധയുണ്ടായവരിൽ 60ശതമാനവും രണ്ടു ഡോസ് വാക്‌സിൻ എടുത്തവരാണ്.

അതേ സമയം തിരുവനന്തപുരത്ത് സൂപ്പർ സ്‌പ്രെഡിന് വഴിയൊരുക്കിയത് സിപിഎം ജില്ലാ സമ്മേളനമാണെന്ന ആരോപണം ശക്തമാണ്. സമ്മേളന നഗരിയിൽ പ്രതിനിധികൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിട്ടും സമ്മേളന പരിപാടികൾ തുടരാനാണ് സിപിഎം ശ്രമിച്ചതെന്ന ആക്ഷേപം നിലനിൽക്കുകയാണ്. സമ്മേളനം പൂർത്തിയായതോടെ പരിപാടികളിൽ പങ്കെടുത്ത മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗപരിശോധന കൃത്യമായി നടത്തിയില്ലെന്നതടക്കമുള്ള ആക്ഷേപങ്ങളാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് യോഗത്തിൽ തീരുമാനം ഉണ്ടാകും. സ്‌കൂളുകൾക്ക് പിന്നാലെ കോളെജുകളും അടയ്ക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം കുതിച്ചുയരുകയാണ്. ഏറെ നാളിന് ശേഷം ഇന്നലെ പ്രതിദിന കേസുകൾ മുപ്പതിനായിരം കടന്ന് 34199ലെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ ഉണ്ടായത് നാലിരട്ടിയോളം വർധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ രോഗവ്യാപനം തീവ്രമാണ്. കഴിഞ്ഞ രണ്ട് തരംഗങ്ങളിലെ പോലെ സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന വിമർശനം ശക്തമായിട്ടുണ്ട്. സ്ഥിതി ഗുരുതരമെന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. കനത്ത ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.

ഫെബ്രുവരി പകുതിക്ക് മുൻപ് രോഗവ്യാപനം പാരമ്യത്തിൽ എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അത് മുന്നിൽക്കണ്ടുള്ള നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണ്. പൊതു ഇടങ്ങളിലെ ആൾക്കൂട്ടവും മറ്റും നിയന്ത്രിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്. വാരാന്ത്യ ലോക് ഡൗൺ, രാത്രി കാല യാത്രാ നിരോധനം എന്നിവ ഉണ്ടാകാനാണ് സാധ്യത. സ്വകാര്യ വാഹനങ്ങളിലെ അടക്കം യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ട് വന്നേക്കും. അമേരിക്കയിൽ ചികിത്സയിൽ ഉള്ള മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് 120 ലേറെ കസ്റ്ററുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ഒൻപത് വരെയുള്ള ക്ലാസുകൾ നാളെ മുതൽ ഓൺലൈനിലേക്ക് മാറുകയാണ്. കോളെജുകളും അടച്ച് ഓൺലൈൻ പഠനത്തിലേക്ക് മാറുന്നത് പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഇതിനോടകം പല കോളെജുകളും ക്ലസ്റ്റർ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.