തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി പടരുന്നതിനിടെ നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വൈറസിന്റെ സൂപ്പർ സ്പ്രെഡർ ആയി മാറിയെന്ന് വിലയിരുത്തൽ. സമ്മേളനത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് കോവിഡ് പോസിറ്റിവ് ആയതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് രോഗലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളിൽ കുത്തനെ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയായിരുന്നു സിപിഎമ്മിന്റെ ജില്ലാ സമ്മേളനം നടന്നത്. പാറശാലയിൽ നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിരവധി നേതാക്കന്മാരും പ്രവർത്തകരും വിവിധ സെഷനുകളിലായി പങ്കെടുത്തത്. സമ്മേളനത്തിനിടെ രണ്ട് പ്രതിനിധികൾക്ക് കോവിഡും സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ഏറുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ യാതൊരു മാറ്റങ്ങളും വരുത്താതെ സമ്മേളനം മുൻനിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളായ കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിനും, ഇ.ജി.മോഹനനും കോവിഡ് സ്ഥിരീകരിച്ചെങ്കിലും അപ്പോഴും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാവുന്ന പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ സമ്മേളനം ഒഴിവാക്കുകയോ ചെയ്തിരുന്നില്ല.

പിന്നാലെ മന്ത്രി വി ശിവൻകുട്ടി കടകംപള്ളി സുരേന്ദ്രൻ, ജി സ്റ്റീഫൻ എന്നിവർക്കും കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവ് ആയിരുന്നു. ഒരു മുൻ മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കൽ സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സമ്മേളന വേദിയിൽ ഉണ്ടായിരുന്ന റെഡ് വോളണ്ടിയർമാരും എസ്എഫ്ഐ പ്രവർത്തകരുമാണ് രോഗബാധിതർ ആയവരിൽ ഏറിയ പങ്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം.35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുമ്പോൾ അതിൽ ഒന്ന് സിപിഎം ജില്ലാ സമ്മേളനമാണ്.

സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിനിധികൾക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവർത്തിച്ച നിരവധി ആളുകൾക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്. നിരവധി പേർ ടെസ്റ്റ് നടത്താതെ വീടുകളിൽ ഐസൊലേഷനിലും കഴിയുന്നുണ്ട്. മന്ത്രിമാർക്ക് അടക്കം കോവിഡ് ബാധിച്ച സ്ഥലമായി പാറശാലയിലെ ജില്ലാ സമ്മേളനം മാറി.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മാറുന്നതാണ് പിന്നീട് കണ്ടത്. ജില്ലയിൽ പരിശോധന നടത്തുന്ന രണ്ടിൽ ഒരാൾ പോസിറ്റീവാകുന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ

ടിപിആർ 30 കടന്ന ജില്ലയിൽ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന് കാണിച്ച് ശനിയാഴ്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. പൊതുപരിപാടികളിൽ നിന്ന് പിന്മാറണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സിപിഎം ജില്ലാ സമ്മേളനം ഞായറാഴ്ചയും ഗാനമേള അടക്കമുള്ള പരിപാടികളോടെ പൂർത്തിയായത്. രോഗവ്യാപനം ഈ നിലയ്ക്ക് ഉയരാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വമാണെന്ന ആക്ഷേപവും ഈ ഘട്ടത്തിൽ ശക്തമാവുകയാണ്.

സിപിഎം സമ്മേളനത്തിന് പുറമേ ജില്ലയിലെ പ്രധാന ഷോപ്പിങ് മാളിൽ ബിഗ് സെയിലിന്റെ ഭാഗമായി വലിയ തോതിൽ ആളുകൾ കൂടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആളുകൾ കൂടിയ ഇടങ്ങളെല്ലാം രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറി.

ജില്ലയിൽ പൊതു പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചെങ്കിലും സിപിഎം സമ്മേളനം നിർബാധം തുടരുന്ന കാഴ്ചയാണ് കണ്ടത്. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോഴും പാർട്ടി സമ്മേളനത്തിന് ഇതൊന്നും ബാധകമല്ലേയെന്നായിരുന്നു പൊതുവേ ഉയർന്ന ആക്ഷേപം.

ജനുവരി 14 ന് ആരംഭിച്ച സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം പൊതുസമ്മേളനത്തോടു കൂടിയാണ് അവസാനിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ നവജ്യോത് ഖോസ വിലക്ക് പ്രഖ്യാപിച്ച് പതിനഞ്ചാം തീയതി അടിയന്തര ഉത്തരവിറക്കിയെങ്കിലും രാഷ്ട്രീയ പരിപാടികൾ/ സിപിഎം സമ്മേളനത്തെ അതിൽ പരാമർശിച്ചിരുന്നില്ല.

ഉത്തരവ് ഇറങ്ങിയിട്ടും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പാറശ്ശാലയിൽ ജില്ലാ സമ്മേളനം തുടരുകയാണ് ചെയ്തത്. രോഗവ്യാപനം കൂടിയ ജില്ലയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പങ്കെടുത്തു കൊണ്ടാണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചിരുന്നത്. കൂടാതെ, പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിന്മേലും സംഘടനാ റിപ്പോർട്ടിന്മേലും നടന്ന പൊതുചർച്ച കഴിഞ്ഞദിവസം നേരിട്ട് തന്നെ നടത്തുകയും ചെയ്തു. നിരവധി പ്രതിനിധികൾ പങ്കെടുത്ത സെഷനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രമേയത്തിനു മറുപടി പറയുകയും ചെയ്തു.



സമ്മേളനത്തിന്റെ ഭാഗമായി 550 ലേറെ പേരെ പങ്കെടുപ്പിച്ച് ചെറുവാരക്കോണം എൽഎംഎസ് കോമ്പൗണ്ടിലെ ഗ്രൗണ്ടിൽ മെഗാ തിരുവാതിരകളി നടത്തിയതും വൻവിവാദമായിരുന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ പരിപാടിയായിരുന്നു വൻ ചർച്ചകൾക്ക് വഴിവെച്ചത്. പോളിറ്റ് ബ്യൂറോ അംഗം ഉൾപ്പെടെ പങ്കെടുത്ത പരിപാടി നിരവധി പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചത് തെറ്റായിപ്പോയെന്ന് ഒടുവിൽ സംസ്ഥാന ജില്ലാ നേതാക്കൾക്ക് തുറന്നു സമ്മതിക്കേണ്ടിയും വന്നിരുന്നു.



രോഗവ്യാപനമുയർന്ന് നിൽക്കുന്ന ജില്ലയിൽ തിരുവാതിരകളി നടത്തിയതിനെ ഒടുവിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരസ്യമായി വിമർശിക്കേണ്ടി വന്നു. ഒടുവിൽ ജില്ലാ പഞ്ചായത്ത് അംഗം വി ആർ സലൂജയെ ഒന്നാം പ്രതിയാക്കി പാറശാല പൊലീസ് കേസെടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് സിപിഎം ശ്രമിച്ചത്.

തിരുവാതിരകളി വിവാദമായതോടെയാണ് നിരവധി ആളുകളെ സംഘടിപ്പിച്ച് നടത്താനിരുന്ന പൊതുസമ്മേളനം നേരിട്ട് നടത്തുന്നതിൽ നിന്ന് പാർട്ടി പിന്നാക്കം പോയത്. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുത്ത ശേഷം ഓൺലൈനിലൂടെ പൊതുസമ്മേളനം നടത്തി വിവാദങ്ങളിൽ നിന്നും നേതൃത്വം തലയൂരാൻ ശ്രമിച്ചത്.

രോഗവ്യാപനം ഉയർന്നതോടെ കർശന നിരീക്ഷണത്തിനാണ് തലസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും. സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് കളക്ടർ കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈനിലൂടെ നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.

വിവാഹ, മരണ ചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി നിജപ്പെടുത്തിയിരുന്നു. പൊതുജനങ്ങൾക്ക് ഇടയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും സിപിഎം സമ്മേളനത്തെ ബാധിക്കാതിരിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. സിപിഎം സമ്മേളനം തുടരേണ്ടതുള്ളതിനാൽ സ്‌കൂളുകളിലും കോളേജുകളിലും അടക്കം പ്രവർത്തനം തുടരാനായിരുന്നു തീരുമാനമെന്നും ഇതിനൊടകം വ്യക്തമായിട്ടുണ്ട്.


എന്നാൽ ആരോപണങ്ങൾ സിപിഎം നേതൃത്വം നിഷേധിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടന്നതെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ല. കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതേസമയം, കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഘട്ടത്തിൽ സിപിഎം പാർട്ടി സമ്മേളനം നടത്തുന്നതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.

'ഒന്നും രണ്ടും തരംഗത്തേക്കാൾ അപകടകരമായ രീതിയിൽ കോവിഡ് സമൂഹ വ്യാപനം ഉണ്ടാകുമെന്നു മനസിലാക്കിയാണ് കോൺഗ്രസും യു.ഡി.എഫും നേരത്തെ പ്രഖ്യാപിച്ച സമരപരിപാടികളെല്ലാം മാറ്റിവെച്ച് മാതൃക കാട്ടിയത്. സമരത്തേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യമാണെന്നു മനസിലാക്കിയാണ് അത്തരമൊരു തീരുമാനം എടുത്തത്.

എന്നാൽ പാർട്ടി സമ്മേളനങ്ങളും തിരുവാതിര കളിയും നടത്തുമെന്ന വാശിയിലായിരുന്നു സിപിഎം. ജില്ലാ സമ്മേളനങ്ങളും തിരുവാതികളിയുമാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമാക്കി തലസ്ഥാന ജില്ലയെ മാറ്റിയത്,' സതീശൻ പറഞ്ഞു.

നാല് എംഎ‍ൽഎമാർ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലരും രോഗബാധിതരായി. മന്ത്രി ഉൾപ്പെടെ മുന്നൂറോളം പേർ എത്ര പേർക്ക് രോഗം പകർന്നുകൊടുത്തു കാണും? മരണത്തിന്റെ വ്യാപാരികളായി രോഗവ്യാപനത്തിന്റെ കാരണമായി പാർട്ടി സമ്മേളനത്തെ മാറ്റി. ഇനിയും സമ്മേളനങ്ങൾ നടത്തുമെന്നാണ് സിപിഎം പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.