- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനങ്ങൾക്കു സൗജന്യമായി കോവിഡ് വാക്സീൻ; പ്രധാനമന്ത്രിക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കു സൗജന്യമായി കോവിഡ് വാക്സീൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഏറെ നാളായി ഉന്നയിക്കുന്ന കാര്യമാണിത്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കാൻ പുതിയ നയം സഹായകമാകും.
വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാകും. രോഗപ്രതിരോധത്തിന്റെ മുൻനിരയിൽ കേരളം ഉണ്ടാകുമെന്ന് ഒരിക്കൽ കൂടി ഉറപ്പു നൽകുന്നു. ഉചിതമായ തീരുമാനത്തിനു പ്രധാനമന്ത്രിയോടു ഹൃദയപൂർവം നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്സീൻ പരീക്ഷണം ഇന്ത്യയിൽ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാർത്തയുണ്ടാകും. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു.
വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. വാക്സീൻ നിർമ്മാതാക്കളിൽനിന്ന് 75% വാക്സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങൾക്കുള്ള 25% ഉൾപ്പെടെയാണിത്. ഇതായിരിക്കും സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. കേന്ദ്രം ഒഴിവാക്കിയ 25% വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു വാങ്ങാം. പക്ഷേ ഒരു ഡോസിന് പരമാവധി 150 രൂപ മാത്രമേ സർവീസ് ചാർജ് ഈടാക്കാവൂ. വാക്സീന്റെ വില നിശ്ചിത തുകയെന്നു സ്ഥിരപ്പെടുത്തുകയും വേണം.
ന്യൂസ് ഡെസ്ക്