തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാപനസാധ്യത ഏറ്റവും കൂടുതൽ ചൂണ്ടിക്കാട്ടപ്പെടുന്ന സ്ഥലം വീടിനുള്ളിലാണ്.അതുകൊണ്ട് തന്നെ പുറത്തെപ്പോലെ തന്നെ വീടിനുള്ളിലും അതീവ ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.ഈ സാഹചര്യത്തിൽ വീടിനുള്ളിൽ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും രീതികളെക്കുറിച്ചും വിദ്ഗധർ വ്യക്തമായ നിർദ്ദേശവും നൽകുന്നുണ്ട്. അവ ഇങ്ങനെ;

 കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ക്വാറന്റീനിൽ കഴിയുന്നവരും പനി, ജലദോഷം, തലവേദന, തലയ്ക്കു മന്ദത, വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കു മുൻപുതന്നെ കോവിഡ് പോസിറ്റീവാണെന്നു കരുതിവേണം കുടുംബാംഗങ്ങളുമായി ഇടപഴകാൻ.

അവശ്യ സേവന വിഭാഗങ്ങളിൽ ജോലിക്കു പോകേണ്ടവർ, അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോകേണ്ടി വരുന്നവർ എന്നിവർ വീടുകളിൽ തിരിച്ചെത്തിയാൽ കഴിവതും ഒരു മുറിയിൽ തനിച്ചു കഴിയാൻ ശ്രദ്ധിക്കണം.

പുറത്തു നിന്നു വരുന്നവർ വീടുകളിൽ പ്രവേശിക്കുന്ന ഉടൻ മാസ്‌ക് ഊരിമാറ്റരുത്. ശരീരം ശുചിയാക്കിയ ശേഷം മാത്രം മാസ്‌ക് മാറ്റി മുഖവും ശുചിയാക്കുക. തുടർന്ന് മാത്രമേ വീട്ടിലുള്ളവരുമായി ഇടപഴകാവൂ.
 

വീട്ടിലെ ജനാലകൾ തുറന്നിട്ടു വായു സഞ്ചാരം ഉറപ്പുവരുത്തണം. കോവിഡ് ബാധിതർ കഴിയുന്ന മുറിയിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പുറത്തെ വായുവിലേക്കു വൈറസുകൾ പടരുമ്പോൾ ഇതിന്റെ ശേഷി ഇല്ലാതാകും. ഇതോടെ മറ്റുള്ളവർക്കു കോവിഡ് പകരാനുള്ള സാധ്യത ഇല്ലാതാകും.
 

പുറത്തുനിന്നു വരുന്നവർ പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവരുടെ സമീപം പോകരുത്.

 കുടുംബാംഗങ്ങൾ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നത് തൽക്കാലം ഒഴിവാക്കണം. പ്രായമുള്ളവർക്ക് മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകാത്ത വിധത്തിൽ ഭക്ഷണം നൽകുന്നതാണ് നല്ലത്.

 ശ്വാസഗതി, ഓക്‌സിജൻ നില എന്നിവ വീട്ടിൽ തന്നെ പരിശോധിക്കണം. ഒരു മിനിറ്റിൽ 20 തവണ വരെയാണ് ആരോഗ്യമുള്ള ഒരാളുടെ ശ്വാസഗതി. ഇത് 20 തവണയിൽ കൂടിയാൽ ഡോക്ടറുടെ സേവനം തേടണം. 30 തവണയിൽ കൂടിയാൽ അടിയന്തര ചികിത്സ വേണം.

ആരോഗ്യമുള്ള ആളിന്റെ ഓക്‌സിജന്റെ ലവൽ 94 വരെയാകാം. 90 ൽ താഴേക്കു പോയാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
 

കോവിഡ് പോസിറ്റീവ് ആയി കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. മൂക്കിലും നെഞ്ചിലും ആവി പിടിക്കുന്നത് നല്ലതാണ്.
 

കോവിഡ് ബാധിതർക്കും കോവിഡ് മാറിയവർക്കും ഉന്മേഷക്കുറവ്, ക്ഷീണം, തളർച്ച, മടുപ്പ്, അധ്വാനമുള്ള ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടേക്കാം. ഒരുമാസം വരെ ഈ അവസ്ഥ തുടരാം. ഇത് വൈറസിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിന്റെ ഭാഗമാണ്.
ലോക്ഡൗൺ കാലത്തു രോഗികൾ എന്തൊക്കെ ശ്രദ്ധിക്കണം? ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് മറുപടി നൽകുന്നു

കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ ആരോഗ്യ പ്രശ്‌നങ്ങൾ ഡോക്ടർമാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവർത്തകരെയും ഫോണിൽ വിളിച്ചു പങ്കുവയ്ക്കണം.
 

ചുമ, പനി, ശ്വാസം മുട്ടൽ, തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ബന്ധപ്പെട്ട ശേഷം ഇവർ നിർദേശിക്കുന്ന പ്രകാരം അടുത്തുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടണം.
 

ചിലപ്പോൾ കര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത രോഗികൾക്കു മണിക്കൂറുകൾ കൊണ്ട് ഗുരുതരമാകാറുണ്ട്. അതിനാൽ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ വരെ ചർച്ച ചെയ്യണം.

 കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർ ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കണം.

 ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, റേഡിയേഷൻ, കീമോ തുടങ്ങിയ ചികിത്സകൾ ചെയ്യുന്നവർ ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചു കൃത്യമായി ചികിത്സ തേടണം. ഇത്തരം രോഗികൾക്കു കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ വിദഗ്ധ ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

 നീട്ടിവയ്ക്കാവുന്ന സാധാരണ ശസ്ത്രക്രിയകളും ചികിത്സകളും ഡോക്ടർമാരുടെ നിർദ്ദേശം തേടിയ ശേഷം നീട്ടി വയ്ക്കണം.

 ഗുരുതര നിലയിലുള്ള കോവിഡ് ബാധിതരെയും കാര്യമായി ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെയും വാർഡുകളിലെ കിടക്കകളുടെയും ലഭ്യത അനുസരിച്ചാണു കിടത്തിച്ചികിത്സിക്കുന്നത്.

 വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെയാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഡൊമിസിലിയറി കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല.