ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗരേഖ ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിനിമാ തീയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാർഗരേഖയിലുള്ളത്.

രാജ്യത്തെ സ്വിമ്മിങ് പൂളുകൾ ഫെബ്രുവരി ഒന്നു മുതൽ എല്ലാവർക്കും ഉപയോഗിക്കാം. നേരത്തെ കായികതാരങ്ങൾക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാൻ അനുമതി. മറ്റുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതൽ നീക്കുന്നത്. സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സ്പോർട്സ് മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കും.

സിനിമാ തീയേറ്ററുകളിലും സിനിമാ ഹാളുകളിലും നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനാനുമതി. ഫെബ്രുവരി ഒന്നുമുതൽ കൂടുതൽ പേരെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കും. എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച മാർഗരേഖ വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കും.

അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സിവിൽ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ എണ്ണം കുറയുകയാണ്. പ്രതിദിനം ശരാശരി 13,700 എന്ന കണക്കിനാണ് നിലവിൽ ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം.

സെപ്റ്റംബർ 16ന് രേഖപ്പെടുത്തിയ 97,859 ആണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. അതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇപ്പോഴത്തെ പ്രതിദിന എണ്ണം. ഇന്ത്യയ്ക്ക് ആവശ്യമായ വാക്‌സീൻ രാജ്യത്തുതന്നെ ഉൽപാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 10 ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കോവിഡ് വാക്‌സീൻ ലഭ്യമാക്കിയത്.