- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 62,282 വൈറസ് ബാധിതർ; കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം; മഹാമാരി പടരുമ്പോഴും കോവിഡ് മരണനിരക്കിലും രാജ്യത്ത് വലിയ തോതിൽ കുറവ്
ന്യൂഡൽഹി: പ്രതിദിന രോഗബാധയിൽ വലിയ വർധനവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യക്ക് ആശ്വാസമായി രോഗമുക്തി നിരക്കിലെ വർധനവ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് മരണനിരക്കിലും രാജ്യത്ത് വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്. 1.89 ശതമാനമാണ് മരണനിരക്ക്. 54,849 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
24 മണിക്കൂറിനിടെ 62,282 പേരാണ് ഇന്ത്യയിൽ രോഗമുക്തി നേടിയത്. ഏറ്റവും കൂടിയ പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 21.58 ലക്ഷമായി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ ഉയർന്ന കണക്കാണിത്. 14,66,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ, കോവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ ജനങ്ങളിൽ എത്തിക്കാനാകും എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഈ വർഷം അവസാനത്തോടെ കോവാക്സിൻ ജനങ്ങളിലെത്തിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സഫഡ് വാക്സിൻ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വാക്സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ തീർച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ വാക്സിൻ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്.
ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്സിൻ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്സിൻ, സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഓക്സ്ഫഡ് വാക്സിൻ എന്നിവയും ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തങ്ങൾ പുറത്തിറക്കിയതായി ഈയടുത്ത് റഷ്യ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്സിൻ വലിയ തോതിൽ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിൽ റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
മറുനാടന് ഡെസ്ക്