ന്യൂഡൽഹി: വിവാഹവും ഉത്സവം അടക്കമുള്ള പരിപാടികൾക്ക് ആൾക്കൂട്ടം അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ. തിയറ്ററുകളിലും മാളുകളിലും നിയന്ത്രണം വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അന്തർ സംസ്ഥാന യാത്രകൾ, സിനിമ തിയ്യേറ്ററുകൾ, മാളുകൾ ഒന്നിനും നിയന്ത്രണങ്ങൾ ഇല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടരാം. എന്നാൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾ തീരുമാനം എടുക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

വിദ്യാഭ്യസസ്ഥാപനങ്ങളും സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങളും തുടരാം. കോവിഡ് പ്രതിരോധത്തിനായി മാസ്‌കും സാമൂഹിക അകലവും തുടരണം. പ്രാദേശിക സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ എന്തൊക്കെ ഇളവുകൾ നൽകാമെന്നതിൽ സംസ്ഥാനങ്ങൾക്ക് വിശദമായ നിർദ്ദേശം നൽകുന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത്. കച്ചവടം ഉൾപ്പടെ സാമ്പത്തിക കാര്യങ്ങൾ തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികൾ ഉൾപ്പടെയുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അന്തർ സംസ്ഥാന യാത്രകൾ, സിനിമ തിയ്യേറ്ററുകൾ, മാളുകൾ ഒന്നിനും നിയന്ത്രണങ്ങൾ ഇല്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടരാം. എന്നാൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾ തീരുമാനം എടുക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കിടക്കകളുടെ എണ്ണവും കണക്കിൽ എടുത്ത് വേണം ഇളവുകൾ അനുവദിക്കാൻ. കോവിഡ് പരിശോധന അടക്കം അഞ്ചു ചട്ടങ്ങളും കൃത്യമായി തുടരണമെന്നും നിർദ്ദേശമുണ്ട്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പടെ മാനദണ്ഡങ്ങൾ തുടരണം.

കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാവിലെ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദമായ നിർദ്ദേശങ്ങൾ വരുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നതടക്കം ഇത് വഴി ഒഴിവാക്കാവുന്നതാണ്. മാസ്‌ക് പൂർണ്ണമായും മാറ്റാൻ അല്ല നിർദ്ദേശമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിൽ ദുരന്ത നിവാരണ നിയമമായിരുന്നു നിയന്ത്രണങ്ങൾ നടപ്പാക്കിയതിലെ കാതൽ. ലോക്ക്ഡൗൺ, പ്രാദേശിക നിയന്ത്രണം എന്നിവയിൽ ഇതുപ്രകാരം നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കേസുകളും ഉണ്ടായിരുന്നു. കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇത് നിർത്താമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഇതോടെ, കോവിഡ് നിയന്ത്രണ ലംഘനങ്ങളിലെ കേസുകൾ ഒഴിവായേക്കും. നിർദ്ദേശപ്രകാരം മാസ്‌ക്കിട്ടില്ലെങ്കിൽ കേസെടുക്കണമെന്നില്ല. എന്നാൽ മാസ്‌ക്ക് മാറ്റാമെന്ന രീതിയിൽ പ്രചാരണം വന്നതോടെ മാസ്‌ക്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. മാസ്‌ക്കും സാമൂഹ്യ അകലവും തുടരണമെന്നാണ് പുതിയ നിർദ്ദേശം. ഏതായാലും ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതോടെ താഴേത്തട്ടിലടക്കം ഉള്ള കടുപ്പിച്ച നടപടികൾ ഒഴിവാകും.

ദുരന്ത നിവാരണ നിയമത്തിന് പുറമെ, പകർച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേർത്താണ് സംസ്ഥാനത്തെ നിയന്ത്രണങ്ങൾ. ഇതിനാൽ ഏതൊക്കെ കാര്യങ്ങളിൽ ഇളവെന്നതിന് സംസ്ഥാനത്തെ ഉത്തരവ് വരെ കാത്തിരിക്കണം. മാസ്‌ക് മാറ്റാൻ ആകുമോയെന്ന കാര്യം നേരത്തെ സംസ്ഥാന സർക്കാർ നേരത്തേ വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇപ്പോൾ പൊലീസ് മുൻപത്തേത് പോലെ കേസുകൾ എടുക്കുന്നുമില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 24ന് ഏർപ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണൾ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സർക്കാർ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളിൽ ഗണനീയമായ കുറവു വന്നിട്ടുണ്ട്. നിലവിൽ 23,913 പേരാണ് രോഗബാധിതരായി ചികിത്സയിൽ ഉള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറി നിരക്ക് 0.28 ശതമാനമാണ്. വാക്സിൻ വിതരണവും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ്.

അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കണമെന്ന് കത്തിൽ പറയുന്നു. മാസ്‌ക്, സാമൂഹ്യ അകലം, കൈകളുടെ വൃത്തി തുടങ്ങിയവ തുടരണം. കോവിഡിന്റെ സവിശേഷത കണക്കിലെടുത്ത് ജനങ്ങൾ തുടർന്നും ജാഗ്രതയോടെയിരിക്കണം. കേസുകൾ വർധിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ സംസ്ഥാനങ്ങൾക്കു സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.