- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസംമുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒക്ടോബർ 13-ന്; ദിവസങ്ങൾ നീണ്ട ചികിത്സ ഫലം കാണാതെ വന്നതോടെ ശനിയാഴ്ച രാത്രിയോടെ മരണം: കോവിഡ് ബാധിച്ച് മരിച്ച തമിഴ്നാട് കൃഷിമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
ചെന്നൈ: തമിഴ്നാട് കൃഷിമന്ത്രി ആർ. ദുരൈക്കണ്ണ് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രി 11.15-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസംമുട്ടലിനെത്തുടർന്ന് ഒക്ടോബർ 13-നാണ് ദുരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടർന്ന് അന്തിമോപചാരം അർപ്പിക്കാൻ സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്.
തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം വിഴുപുരം സർക്കാർ മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ച ദുരൈക്കണ്ണിനെ കോവിഡ് സ്ഥിരീകരിച്ചതോടെ പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂർ രാജഗിരി സ്വദേശിയായ ദുരൈക്കണ്ണ് 2006 മുതൽ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെത്തുടർന്ന് ജയലളിത സർക്കാരിൽ കൃഷിമന്ത്രിയായി സ്ഥാനമേറ്റ ദുരൈക്കണ്ണിന് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും ഇടംകിട്ടി.