ന്യൂഡൽഹി: കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് മാസത്തിനിടെ (85 ദിവസം) ആദ്യമായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തിൽ താഴെയായി. ഇന്ത്യയിലിന്ന് 5.94 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഓഗസ്റ്റ് 6 ന് 5.95 ലക്ഷം പേരാണ് ചികിത്സയിലുണ്ടായിരുന്നത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 7.35% മാത്രമാണ് (5,94,386). രോഗവ്യാപനം കുറയുന്ന പ്രവണതയാണ് ഇതു കാണിക്കുന്നത്.

ഉയർന്ന തോതിലുള്ള രോഗമുക്തി നിരക്കും തുടരുകയാണ്. രാജ്യത്തെ ആകെ രോഗമുക്തർ 73,73,375 ആണ്. ആഗോളതലത്തിൽ ഏറ്റവുമധികം രോഗമുക്തരുള്ള രാജ്യമായി ഇന്ത്യ തുടരുകയാണ്. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള വ്യത്യാസം സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ന് ഇത് 6,778,989 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,386 രോഗികൾ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 48,648 പേർക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 91.15% ആയി വർധിച്ചു. പുതുതായി രോഗമുക്തരായവരിൽ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തിൽ 8,000ത്തിലധികം പേർ രോഗമുക്കതരായി. മഹാരാഷ്ട്രയിലും കർണാടകത്തിലും 7,000 ലധികം പേർ വീതം രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,648 പേർക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 7,000 ത്തിലധികം പേർക്കാണ് കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഡൽഹിയിലും 5,000 പേർക്കുവീതവും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 563 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇതിൽ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതൽ പ്രതിദിന മരണം (156) മഹാരാഷ്ട്രയിലാണ്. പശ്ചിമ ബംഗാളിൽ 61 പേരും മരിച്ചു.

ദശലക്ഷത്തിൽ പ്രതിദിനം 140 ടെസ്റ്റുകൾ എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ഇന്ത്യ നടപ്പാക്കുന്നുണ്ട്. 'കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാർഗ്ഗനിർദ്ദേശക്കുറിപ്പിൽ, സമഗ്രമായ രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചിട്ടുണ്ട്.

35 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ നിർദ്ദേശിച്ചിട്ടുള്ള പരിശോധനകളേക്കാൾ അധികം നടത്തി എന്ന നേട്ടവുമുണ്ട്. ദശലക്ഷം ജനസംഖ്യയിൽ ദേശീയതലത്തിലെ ശരാശരി പ്രതിദിന പരിശോധന 844 ആണ്. ഡൽഹി, കേരളം എന്നിവിടങ്ങളിൽ ഇത് 3,000 കവിയുകയും ചെയ്തു.