- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തി; നടപടി അതിവേഗം വ്യാപിക്കുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ; യാത്രവിലക്ക് ഡിസംബർ 31 വരെ; ചൊവ്വാഴ്ച അർധ രാത്രിക്ക് മുൻപായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത ആർടി-പിസിആർ പരിശോധന
ന്യൂഡൽഹി: യുകെയിൽ അതിവേഗം വ്യാപിക്കുന്ന കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച അർദ്ധ രാത്രി മുതൽ ഡിസംബർ 31 അർദ്ധരാത്രി വരെയാണ് വിലക്ക്.
ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ച അർദ്ധ രാത്രിക്ക് മുൻപായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോൾ നിർബന്ധിത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ബ്രിട്ടണിൽ 70 ശതമാനത്തിൽ കൂടുതൽ വേഗതയിൽ വ്യാപിക്കുന്ന കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.നിരവധി യൂറോപ്യൻ രാജ്യങ്ങളും, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ പൂർണ ജാഗ്രതയിലാണെന്നും, മുൻകരുതലുകൾ സ്വീകരിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യമുൻകരുതലുകളും എടുത്തിട്ടുണ്ട്. സർക്കാർ പൂർണ ജാഗ്രതയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ്ര
ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തുനടത്തിയ പരിശോധനയിലും ചിലരിൽ കണ്ടെത്തിയതോടെയാണ് നെതർലൻഡ്‌സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയനോട് ചേർന്നുപ്രവർത്തിക്കുമെന്നും ഡച്ച് സർക്കാർ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ നെതർലാൻഡ്‌സിലും ജർമനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്.കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടർന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാൻകോക്ക് രണ്ടുദിവസംമുമ്പ അറിയിച്ചിരുന്നു.
70 ശതമാനത്തോളം വ്യാപനശേഷി കൂടുതലുള്ള വൈറസിനെ കണ്ടെത്തിയതോടെ ബ്രിട്ടനിൽനിന്നുള്ള ലോറി സർവ്വീസുകൾ 48 മണിക്കൂർ നേരത്തേക്ക് ഫ്രാൻസ് നിരോധിച്ചിരിക്കുകയാണ്. ഇതോടെ ബ്രിട്ടനിലെ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളും ഉടൻ തന്നെ കാലിയായേക്കാം. ഫ്രാൻസിൽ നിന്നുള്ള ലോറി സർവ്വീസുകൾക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ സാധിക്കുമെങ്കിലും യൂറോപ്യൻ ഡ്രൈവർമാർ ബ്രിട്ടനിലേക്ക് പോകുവാൻ മടിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ കൊറോണയുടെ സാന്നിദ്ധ്യം അവരെ ബ്രിട്ടനിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നു. ക്രിസ്ത്മസ്സ് കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയമാണ് അവരെ പിന്തിരിപ്പിക്കുന്നത്.
ഇതോടെ, ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം ഒഴിഞ്ഞ ഷെൽഫുകളായിരിക്കും കാണാൻ സാധിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായി. യൂറോ ടണൽ ലേ ഷട്ടിൽ ഇന്നലേ രാത്രി ബ്രിട്ടനും ഫ്രാൻസിനുമിടയിലുള്ള ഗതാഗതം നിർത്തിവച്ചു. ഇന്നലെ രാത്രി 9.24 നുള്ള അവസാന ഷട്ടിൽ യാത്ര അവസാനിച്ച ഉടനെയായിരുന്നു ഇത്. അതുപോലെ ലണ്ടൻ, ബ്രസ്സൽസ് നഗരങ്ങൾക്കിടയിലെ ട്രെയിൻ സർവ്വീസ് യൂറോസ്റ്റാർ നിർത്തിവച്ചു. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നും ലണ്ടനിലേക്കുള്ള സർവ്വീസും നിർത്തി വച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കയും ബ്രിട്ടനിലെ പുതിയ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസിന്റെ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലുംബ്രിട്ടനിലേക്കുള്ള യാത്രാ നിരോധനത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്.
മറുനാടന് ഡെസ്ക്