ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷന്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കും. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തത്. രണ്ടാം ഘട്ട വാക്‌സിനേഷൻ നിലവിൽ പുരോഗമിക്കുകയാണ്. 60 കൂടുതൽ പ്രായമുള്ളവർക്കും അസുഖബാധിതരായ 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.

ഒരേസമയം രാജ്യത്തെ 130 കോടി ജനങ്ങൾക്കും വാക്സിൻ നൽകുക എന്നുള്ളത് പ്രായോഗികമല്ലാത്തതിനാൽ തന്നെ മുൻഗണനാടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുന്നത്.

കോവിഡ് വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് മുൻഗണനാപട്ടികയിൽ പ്രഥമപരിഗണന നൽകിയിരുന്നത്. നാഷണൽ എക്സപേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്‌മിനിസ്ട്രേഷൻ ഫോർ കോവിഡ് തയ്യാറാക്കിയ പട്ടികയിൽ പ്രഥമ പരിഗണന നൽകിയിരുന്നത് 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവർത്തകർക്കും മുൻനിരപ്പോരാളികൾക്കുമായിരുന്നു.

രണ്ടാംഘട്ടത്തിൽ 60 കൂടുതൽ പ്രായമുള്ളവർക്കും അസുഖബാധിതരായ 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിൽ അമ്പതിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇതിനകം രാജ്യത്ത് രണ്ട് കോടിയിലധികം പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായി രാജ്യത്തെ കോവിഡ് വാക്സിനേഷൻ സെന്ററുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദേശായ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളിൽ 170 ദശലക്ഷം കുട്ടികൾക്ക് പോളിയോ കുത്തിവെപ്പ് നൽകാൻ സാധിച്ചതിനാൽ അതേരീതിയിൽ കോവിഡ് വാക്സിനേഷൻ നൽകാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.