ന്യൂഡൽഹി: ഓഗസ്റ്റ് മാസത്തിൽ ജി-7 രാഷ്ട്രങ്ങളെല്ലാം കൂടി നൽകിയ വാക്‌സീൻ ഡോസുകളേക്കാൾ കൂടുതൽ ഡോസുകൾ വിതരണം ചെയ്ത് ഇന്ത്യ. 180 ദശലക്ഷം വാക്‌സീൻ ഡോസുകളാണ് കഴിഞ്ഞ മാസം ഇന്ത്യ വിതരണം ചെയ്തത്.

കേന്ദ്ര സർക്കാർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ജി7 രാഷ്ട്രങ്ങളായ കാനഡ, യുകെ, യുഎസ്, ഇറ്റലി, ജർമനി, ഫ്രാൻസ്, ജപ്പാൻ എന്നിവർ വിതരണം ചെയ്ത വാക്‌സീനെക്കാൾ കൂടുതൽ വരുമിത്.

 

ജപ്പാൻ 40 ദശലക്ഷം വാക്‌സീൻ ഡോസുകൾ നൽകിയപ്പോൾ ജി7 രാഷ്ട്രങ്ങളിൽ ഏറ്റവും പിന്നിലുള്ള കാനഡ നൽകിയത് മൂന്ന് ദശലക്ഷം ഡോസുകളാണ്. 180 ദശലക്ഷത്തിലേറേ വാക്‌സീൻ ഡോസ് നൽകിയതിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് ആകെ വാക്‌സിനേഷനുകളുടെ എണ്ണം 68.46 കോടി പിന്നിട്ടു. രാജ്യത്ത് പുതുതായി 42,766 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 71,61,760 ഡോസ് വാക്‌സീനുകൾ നൽകിയതോടെ, ഞായറാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സീനുകളുടെ എണ്ണം 68.46 കോടി (68,46,69,521) പിന്നിട്ടു. 71,39,683 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സീൻ നൽകിയത്.