തിരുവനന്തപുരം: കോവിഡ് വാക്‌സീൻ സ്വീകരിച്ചാൽ മദ്യം ഒഴിവാക്കേണ്ടതുണ്ടോ? വാക്‌സിൻ എടുത്തവർക്ക് എത്ര ദിവസം കഴിഞ്ഞാൽ മദ്യം കഴിക്കാനാകും? ഈ ചോദ്യങ്ങൾക്ക് വ്യത്യസ്ഥമായ ഉത്തരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 42 ദിവസം മദ്യം കഴിക്കരുതെന്ന് സന്ദേശത്തിൽ ചിലർ പറയുന്നു, 31 ദിവസം എന്ന് മറ്റു ചിലർ. ഇതിൽ വാസ്തവം എന്താണ്. വാക്‌സീൻ എത്തിയതു മുതൽ വലിയൊരു വിഭാഗം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യത്തിന് യഥാർത്ഥത്തിൽ ഉത്തരം ലഭ്യമല്ല.

മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശവും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. എന്നാൽ, കോവിഡ് വാക്‌സീൻ സ്വീകരിക്കലും മദ്യപാനവും തമ്മിൽ ബന്ധപ്പെടുത്തി എന്തെങ്കിലും നിർദ്ദേശം ഇതുവരെ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല.

കോവിഡ് പോസിറ്റീവ് ആയ ഒരാൾ അക്കാര്യം അറിയാതെ വാക്‌സീൻ സ്വീകരിച്ചാൽ പ്രശ്‌നമുണ്ടോ എന്ന സംശയത്തിന് കൃത്യമായ മറുപടി ആരോഗ്യ വകുപ്പ് നൽകുന്നു. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്താത്ത ആൾ പോസിറ്റീവ് ആണെങ്കിലും കോവിഡ് വാക്‌സീൻ എടുക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ, പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചാൽ വാക്‌സീൻ നൽകില്ലെന്ന് മാത്രം.

ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് വാക്‌സീനും ലഭ്യമാവണമെന്ന് ഉറപ്പിച്ചതു കൊണ്ട് ആകെ എത്തിയ ഡോസിന്റെ പകുതി എണ്ണം ആളുകൾക്ക് മാത്രമാമ് ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകുന്നത്. വാക്‌സീൻ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിലും ഇപ്പോൾ എത്തിയതിൽ നിന്നു തന്നെ രണ്ടാം ഡോസ് നൽകാൻ കഴിയും.

അര മില്ലി ലീറ്റർ ആണ് ഒരു ഡോസ്. 10 പേർക്കു വേണ്ടിയാണ് ഒരു ബോട്ടിൽ തുറക്കുക. അതായത്, 5 മില്ലി ലീറ്റർ ആണ് ഒരു ബോട്ടിലിൽ ഉണ്ടാവുക. ദിവസത്തെ അവസാനത്തെ ബോട്ടിൽ തുറക്കുമ്പോൾ 7 പേർ എങ്കിലും ഉണ്ടാവണം. 7 പേരേ ഉള്ളൂവെങ്കിൽ 3 പേർക്കുള്ള ഡോസ് ഉപയോഗശൂന്യമാവും. പക്ഷേ, കാത്തിരിക്കുന്നവരെ മടക്കുന്നത് ഒഴിവാക്കാനാണ് 7 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രം ബോട്ടിൽ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. വില കൂടിയ വാക്‌സീൻ ആയതിനാൽ പരമാവധി ഉപയോഗപ്രദമാക്കാനാണു ശ്രമം.

കുത്തിവയ്പ് എടുത്തവരും തുടർന്ന് മാസ്‌ക് ധരിക്കണം. നിലവിൽ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ എല്ലാം വാക്‌സീൻ സ്വീകരിച്ചവരും തുടരണമെന്നാണ് നിർദ്ദേശമുള്ളത്.

മൂന്നാം ഘട്ടത്തിലാണു പൊതുജനങ്ങൾക്ക് വാക്‌സീൻ ലഭ്യമാവുക. അത് എപ്പോൾ, എങ്ങനെ എന്നൊന്നും ഇപ്പോൾ തീരുമാനമായിട്ടില്ല. നിലവിൽ പൊതുജനങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യേണ്ടതില്ല. പൊതുജനങ്ങൾക്ക് വാക്‌സീൻ എടുത്തു തുടങ്ങുന്ന ഘട്ടത്തിൽ വാക്‌സീൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും. അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത്രയും കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ആദ്യഘട്ടത്തിലെ അതേ വേഗത്തിൽ തന്നെ കുത്തിവയ്പ് എടുക്കാനാവും എന്നു പ്രതീക്ഷിക്കാം. ആ ഘട്ടമെത്തുമ്പോഴേക്കും ആളുകൾ വാക്‌സീൻ സംബന്ധിച്ച് ബോധവൽക്കരണം നേടിയിട്ടുണ്ടാവും എന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ 18 വയസ്സിനു താഴെയുള്ളവർക്ക് വാക്‌സീൻ നൽകുന്ന കാര്യം പരിഗണനയിലില്ല.