- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുതിയ വാക്സീൻ നയം സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നു; ദുർബല വിഭാഗങ്ങൾക്കു വാക്സീൻ ഗ്യാരന്റി ഇല്ല'; കേന്ദ്രസർക്കാരിന്റേത് 'വാക്സീൻ വിവേചന'മെന്ന് രാഹുൽ ഗാന്ധി; വേണ്ടത് 'ഒരു രാഷ്ട്രം, ഒരു വില'യെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കോവിഡ് വ്യാപനം രണ്ടാം തരംഗം ആശങ്ക സൃഷ്ടിക്കുന്നതിനിടെ പ്രതിരോധം വർധിപ്പിക്കാൻ 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുതുക്കിയ വാക്സിനേഷൻ നയത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്. പരിഷ്കരിച്ച നയം കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ അവസരമൊരുക്കുന്നെന്നും സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
വാക്സീൻ നിർമ്മാതാക്കളെ ലാഭമുണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ വാക്സിൻ നയമെന്ന് കോൺഗ്രസ് നേതൃത്വം പരിഹസിച്ചു. ലോകത്ത് ഒരിടത്തും ഒരു സർക്കാരും വിപണിയുടെ ബുദ്ധിചാപല്യങ്ങൾ നിശ്ചയിക്കുന്ന തരത്തിൽ വാക്സിനേഷൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്നിവയിൽ വിശ്വസിക്കുന്ന സർക്കാരാണിത്. പക്ഷേ ഒരു രാഷ്ട്രം, ഒരു വില എന്നതിൽ അവർ വിശ്വസിക്കുന്നില്ല.
എന്തുകൊണ്ടാണു വാക്സീനുകൾക്ക് 'ഒരു രാഷ്ട്രം, ഒരു വില' ലഭിക്കാത്തത്? ഇത് നിയമാനുസൃതമായ ആവശ്യമാണെന്നു കരുതുന്നു' മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, അജയ് മാക്കൻ എന്നിവർക്കൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
പുതിയ നയം അനുസരിച്ച്, മെയ് 1 മുതൽ വാക്സീൻ നിർമ്മാതാക്കൾക്ക് നേരിട്ട് സംസ്ഥാന സർക്കാരുകൾക്ക് 50% ഡോസ് വിതരണം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. പൊതുവിപണിയിലും വില മുൻകൂറായി പ്രഖ്യാപിച്ചു വിൽക്കാനാകും.
കേന്ദ്ര സർക്കാരിന്റെ നടപടി വളരെ അന്യായമാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. 'സംസ്ഥാനങ്ങൾക്കു കൂടുതൽ ഉത്തരവാദിത്തം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഇതു യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് ഒരു ഉത്തരവാദിത്തവും നൽകുന്നില്ല. ഒരു രാഷ്ട്രം, ഒരു വില ആവശ്യമാണ്. ഒരു രാഷ്ട്രം, ഒന്നിലധികം വിലകൾ ഉണ്ടാകരുത്' ജയ്റാം രമേശ് പറഞ്ഞു.
'വാക്സീൻ വിവേചനം' എന്നാണു മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്ര തീരുമാനത്തെ വിശേഷിപ്പിച്ചത്. കേന്ദ്രത്തിന്റെ കഴിവില്ലായ്മയും അലംഭാവവും കാരണമാണ് ഇന്ത്യ ഇപ്പോൾ ഓക്സിജനുവേണ്ടി പ്രയാസപ്പെടുന്നത്. സർക്കാരിന്റെ പുതിയ വാക്സിൻ നയം നോട്ട് നിരോധനത്തിന് തുല്യമാണ്
18-45 വയസ്സ് പ്രായമുള്ളവർക്കു സൗജന്യ വാക്സീനുകൾ ഇല്ല. വില നിയന്ത്രണമില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നു. ദുർബല വിഭാഗങ്ങൾക്കു വാക്സീൻ ഗ്യാരന്റി ഇല്ല. ഇന്ത്യൻ സർക്കാരിന്റേത് വാക്സീൻ വിവേചന വിതരണ രഹിത- തന്ത്രമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
പുതിയ വാക്സിൻ നയം അനുസരിച്ച് മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ കോവിഡ് വാക്സിൻ നൽകില്ല. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങാം. ഇതോടെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയർന്നേക്കും.
പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികൾക്ക് കുറഞ്ഞ നിരക്കിൽ വാക്സിൻ നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങി കുത്തിവയ്പ്പ് തുടരാം.
നിലവിൽ സർക്കാർ നൽകുന്ന വാക്സിൻ കുത്തിവയ്ക്കാൻ 250 രൂപ ആണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് എത്ര രൂപയ്ക്ക് ആകും നിർമ്മാതാക്കൾ വാക്സിൻ നൽകുക എന്ന് വ്യക്തമല്ല.
വിവിധ വാക്സിനുകൾക്ക് വ്യത്യസ്ത വില ആണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് എന്നാണ് സൂചന. വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങുന്നതോടെ ഒരു ഡോസ് കുത്തിവയ്പ്പിന് 1000 രൂപ വരെ ആയി ഉയർന്നേക്കും.
സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് വാക്സിൻ കുത്തിവച്ചവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാൻ ഉള്ള അനുമതി ഉണ്ടാകും.
ന്യൂസ് ഡെസ്ക്