പത്തനംതിട്ട: ജില്ലയിലെ ഒരു മരണം കോവിഡ് പട്ടികയിൽ നിന്നൊഴിവാക്കി. ജൂലൈ 27 ന് മരണമടഞ്ഞ മെഴുവേലി സ്വദേശി മോഹൻദാസ് (70) കോവിഡ് രോഗബാധിതനായിരുന്നുവെങ്കിലും മെഡിക്കൽ റിപ്പോർട്ട് പ്രകാരം മരണ കാരണം കാൻസർ മൂലമുള്ള സങ്കീർണതകൾ ആയതിനാൽ കോവിഡ് പട്ടികയിൽ നിന്നും ഒഴിവാക്കി.

ഇദ്ദേഹത്തിൽ നിന്ന് ബന്ധുക്കൾ, പുഷ്പഗിരി മെഡിക്കൽ കോളജിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, ആദ്യം പ്രവേശിപ്പിച്ച കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടും ജീവൻ രക്ഷിക്കാൻ വേണ്ടി ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെയാണ് മരണം സംഭവിച്ചത്. അതിന് മുൻപ് രണ്ടു തവണ മറ്റ് ആശുപത്രികളിൽ കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

ഇന്നലെ റാന്നി അങ്ങാടിയിലെ സെന്റ് തെരേസാസ് കോൺവന്റിൽ ആറു കന്യാസ്ത്രീകൾക്കും ഇവരുമായി ബന്ധമുള്ള വൈദികനും കോവിഡ് സ്ഥിരീകരിച്ചു. മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായും, റാന്നിഅങ്ങാടി സെന്റ് തെരേസാസ് കോൺവെന്റ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും രൂപപ്പെട്ടതായി പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെ 49 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. അഞ്ചു പേർ വിദേശ രാജ്യങ്ങളിലും 11 പേർ മറ്റ് സംസ്ഥാനങ്ങളിലും നിന്ന് വന്നതാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ അഞ്ചു പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയിൽ ഇതുവരെ ആകെ 2007 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 965 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയിൽ ഇതുവരെ മൂന്നു പേർ മരണമടഞ്ഞു. ജില്ലയിൽ ഇന്നലെ 13 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1702 ആണ്.