തിരുവനന്തപുരം: രോഗികൾക്ക് ആശങ്കയുളവാക്കി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കോവിഡ് പടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ടിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. കോവിഡിന്റെ ലക്ഷണങ്ങൾ ശക്തമായവരെ ആശുപത്രികളിലേക്കും പ്രാരംഭ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിലേക്കും മാറ്റിയിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവരിൽ പ്രൈമറി കൊണ്ടാക്റ്റ് ഉള്ളവരെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. കോവിഡ് തിരിച്ചറിയാൻ അതിനൂതന കിറ്റുകളും മണിക്കൂറുകൾ കൊണ്ട് ഒരുക്കാവുന്ന ആശുപത്രി സൃഷ്ടിക്കുകയുമൊക്കെ ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയ സ്ഥാപനത്തിലും കോവിഡ് പടരുന്നത് ശ്രീചിത്ര അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ആശുപത്രി ന്യൂറോളജി വിഭാഗത്തിൽ നാല് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നഴ്‌സുമാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇൻഫെക്ഷൻ കൺട്രോൾ ടീമിനെ രംഗത്തിറക്കി കോവിഡ് തടയാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആശുപത്രി അധികൃതർ. സ്ഥിതി ഗതികളിൽ ആശങ്കയില്ലെന്നും ആശുപത്രിയുടെ പ്രവർത്തനം സാധാരണ ഗതിയിലേക്ക് ഉടൻ തന്നെ മാറ്റുമെന്നും ശ്രീ ചിത്രാ അധികൃതർ മറുനാടനോട് പറഞ്ഞു.

കോവിഡ് പടരുമ്പോഴും സ്ഥിതി നിയന്ത്രണവിധേയമാക്കി രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് അധികൃതർ പദ്ധതിയിടുന്നത്. എങ്ങനെയാണ് കോവിഡ് ബാധ വന്നത് എന്ന് ആശുപത്രിയിലെ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒപ്പം അണുനശീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് പടർന്ന ന്യൂറോളജി വിഭാഗമോ മറ്റു വിഭാഗമോ അടച്ചു പൂട്ടിയിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവരെയും അവരുമായി ബന്ധം പുലർത്തിയവരെയും മാറ്റി നിർത്തി പ്രവർത്തനത്തിൽ പാളിച്ച വരാതെ ശ്രദ്ധിക്കുകയാണ് അധികൃതർ ചെയ്യുന്നത്.

നിരന്തരമായ അണുനശീകരണ പ്രവർത്തനം നടത്തി വരുന്നുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് വ്യാപനം വന്ന ഒരു സെക്ഷനും അടച്ചുപൂട്ടെണ്ടെന്നും ആശുപത്രി അധികൃതർ തീരുമാനിച്ചിട്ടുണ്ട്. രോഗികളിൽ നിന്നല്ല ജീവനക്കാരിൽ നിന്നാണ് കോവിഡ് പടർന്നത് എന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ. ആരിൽ നിന്നാണ് കോവിഡ് പടർന്നതെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഒരുപാട് പാവപ്പെട്ട രോഗികൾ സർജറി കാത്ത് കിടക്കുന്നുണ്ട്. ആശുപത്രി അടച്ചിട്ടാൽ രോഗികളെ ദോഷകരമായി ബാധിക്കും എന്നുള്ളതിനാൽ കോവിഡ് എങ്ങനെ പടർന്നും എന്ന് കണ്ടുപിടിക്കുകയും വ്യാപനം തടയുകയും ചെയ്യുക എന്നതാണ് നിലവിലെ തീരുമാനം. കോവിഡ് തലസ്ഥാനത്ത് പടർന്ന ഘട്ടത്തിൽ സർജറികൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആ നിയന്ത്രണം ഇപ്പോൾ വേണ്ടെന്നാണ് തീരുമാനം. സ്‌ക്രീനിങ് കഴിഞ്ഞതിന് ശേഷം സർജറികൾ പുനരാരംഭിക്കാനാണ്
തീരുമാനം.

കോവിഡ് എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീചിത്രയിലും ഇതേ രീതിയിൽ തന്നെ കണ്ടാൽ മതി- ശ്രീ ചിത്രാ അധികൃതർ മറുനാടനോട് പറഞ്ഞു. എത്രപേർക്ക് കോവിഡ് ഉണ്ടെന്നു ഞങ്ങൾ പറയുന്നില്ല. ജീവനക്കാർക്ക് വ്യാപകമായി ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ ക്വാറന്റൈൻ ചെയ്യാനും വിട്ടിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ ചില രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആർക്ക്, എവിടെ നിന്ന് കോവിഡ് വന്നു എന്ന് പറയാൻ കഴിയില്ല. കോവിഡ് സ്ഥിരീകരിച്ചവരെ ഐസോലെറ്റ് ചെയ്തിട്ടുണ്ട്. വേറെ റിസ്‌ക് ഒന്നുമില്ല. ആശുപത്രികളെ അപേക്ഷിച്ച് ശ്രീചിത്രയിൽ കോവിഡ് വ്യാപനം വളരെ കുറവാണ്. സർജറികൾക്ക് നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അടിയന്തിര സർജറി മാത്രമേ ചെയ്യുന്നുള്ളൂ-ആശുപത്രി അധികൃതർ പറയുന്നു.