ന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വിവിധ സർവേകളിൽ കണ്ടത്, ഇന്ത്യാക്കാരുടെയും ഇന്ത്യൻ വംശജരും പൊതുവെ ജോ ബൈഡനോട് ഒപ്പമാണ് എന്നതാണ്. ഇത് ശരിവെക്കുന്ന തരത്തിലുള്ള ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏറ്റവുമധികം ഇന്ത്യക്കാരുള്ള അഞ്ച് യുഎസ് സംസ്ഥാനങ്ങളിൽ നാലിലും ജയിച്ചത് ജോ ബൈഡനാണ്.

യുഎസ്സിൽ ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോർണിയയിലാണ് ഏറ്റവുമധികം ഇലക്ടറൽ വോട്ടുകളുള്ളത്. 55 വോട്ടാണ് ഇവിടെയുള്ളത്. യുഎസ്സിൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള സംസ്ഥാനവും ഐടി കേന്ദ്രമായ സിലിക്കൺ വാലി ഉൾപ്പെടുന്ന കാലിഫോർണിയ തന്നെ. ലോസ് ഏഞ്ചലസ് അടക്കമുള്ള നഗരങ്ങൾ കാലിഫോർണിയയിലാണുള്ളത്. 5,28,120 ഇന്ത്യക്കാരാണ് കാലിഫോർണിയയിലുള്ളത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 1.42 ശതമാനം ഇന്ത്യക്കാരാണ്. കാലിഫോർണിയയിൽ വലിയ വ്യത്യാസത്തിനാണ് ബൈഡൻ ട്രംപിനെ തോൽപ്പിച്ചത്. 65.4 ശതമാനം വോട്ട് ബൈഡനും 32.7 ശതമാനം വോട്ട് ട്രംപിനും.

കാലിഫോർണിയ കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യൻ ജനസംഖ്യയുള്ള യുഎസ് സംസ്ഥാനങ്ങൾ ന്യൂയോർക്ക് (3,13,620), ന്യൂജഴ്‌സി (2,92,256) എന്നിവയാണ്. ന്യൂയോർക്കിൽ ആകെ ജനസംഖ്യയുടെ 1.62 ശതമാനവും ന്യൂജഴ്‌സിയിൽ ആകെ ജനസംഖ്യയുടെ 3.32 ശതമാനവും ഇന്ത്യക്കാരാണ്. ഇല്ലിനോയ്‌സിൽ 1,88,328 ഇന്ത്യക്കാരുണ്ട്. ആകെ ജനസംഖ്യയുടെ 1.47 ശതമാനം. ഇവിടെയെല്ലാം ജോ ബൈഡൻ വിജയിച്ചു. തീവ്ര കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ട്രംപിനെതിരായ ഇന്ത്യക്കാരുടെ പൊതുവികാരം എന്നതാണ് ഇത് വ്യക്തമാക്കുന്നത്..

ഹൗഡി മോദി പരിപാടി ട്രംപിന് ഗുണം ചെയ്തു

കാലിഫോർണിയ കഴിഞ്ഞാൽ ഏറ്റവുമധികം ഇലക്ടറൽ വോട്ടുള്ളത് ഇന്ത്യൻ ജനസംഖ്യ നിർണായകമായ ടെക്‌സാസിലാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ അമേരിക്കക്കാരുള്ള അഞ്ചാമത്തെ യുഎസ് സംസ്ഥാനമാണ് ടെക്‌സാസ്. 38 ഇലക്ടറൽ വോട്ടാണ് ഇവിടെയുള്ളത്. 2,45,981 ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 0.98 ശതമാനം.

കഴിഞ്ഞ വർഷം ടെക്‌സാസിലെ ഹൂസ്റ്റണിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുത്ത ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യാൻ മോദി ഇന്ത്യക്കാരെ ആഹ്വാനം ചെയ്തിരുന്നു. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ടെക്‌സാസ്. മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് ഇവിടെ ഗവർണറായിരുന്നു. ഇവിടെ ട്രംപ് ജയിക്കുകയും ചെയ്തു.

ഒരു ലക്ഷത്തിൽ പരം ഇന്ത്യക്കാരുള്ള മറ്റ് യുഎസ് സംസ്ഥാനങ്ങൾ ഫ്‌ളോറിഡ, വിർജിനിയ, പെൻസിൽവേനിയ എന്നിവയാണ്. ഇതിൽ 29 ഇലക്ടറൽ വോട്ടുള്ള ഫ്‌ളോറിഡയിൽ ട്രംപ് ജയിച്ചുകഴിഞ്ഞു. 1,28,735 ഇന്ത്യക്കാരാണ് ഫ്ളോറിഡയിലുള്ളത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 0.68 ശതമാനം. അതേസമയം വിർജിനിയ ബൈഡൻ നേടി.

കുടിയേറ്റക്കാരോട് അനുകൂല മനോഭാവമുള്ള ഡെമോക്രാറ്റുകൾക്ക് പിന്തുണ നൽകുക എന്നതിന് പുറമെ ഇത്തവണ ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ്സും ഇന്ത്യക്കാരുടെ പിന്തുണയിൽ നിർണായകമാണ്.