- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ 6.31..... ആദ്യ കോവിഡ് വാക്‌സിൻ നൽകി കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചരിത്രത്തിന്റെ ഭാഗമായി; മാർഗരറ്റ് അമ്മൂമ്മക്കും പിന്നാലെ വില്യം അപ്പൂപ്പനും വാക്‌സിൻ നൽകിയ നിമിഷത്തിൽ സാക്ഷികളായി മൂന്നു മലയാളികളും; മെഡിക്കൽ വാർഡിൽ രാവിലെ നിറഞ്ഞതു സന്തോഷ പൂത്തിരികൾ; ആദ്യ വാക്‌സിൻ നൽകും മുന്നേ നാടകീയ നീക്കങ്ങൾ
ലണ്ടൻ: ഇന്നലെ പുലർച്ചെ 6.31. കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കവാടം ദേശീയ മാധ്യമങ്ങളുടെ വാർത്ത സംഘങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . രാവിലെ ജോലിക്കെത്തി തുടങ്ങിയ ജീവനക്കാർക്കും അപ്പോയ്ന്റ്‌മെന്റ് തേടിയെത്തിയ രോഗികൾക്കും സന്ദർശകർക്കും ആദ്യം കാര്യം എന്തെന്ന് മനസിലായില്ല . പക്ഷെ പൊടുന്നനെ വിവരം ലീക്കായി . രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിൻ നൽകുന്ന ചരിത്ര മുഹൂർത്തമാണ് കവൻട്രിയിൽ സംഭവിക്കുന്നത് .
ഇതിനായാണ് ഇരുൾ വെളുക്കും മുന്നേ ഏകദേശം അഞ്ചരയോടെ തന്നെ വാർത്ത സംഘങ്ങൾ എത്തി ലൈവ് റിപ്പോർട്ടിങ്ങിനായി ഒരുക്കങ്ങൾ നടത്തിയത് . കവൻട്രിയിൽ വാക്‌സിൻ നൽകുന്നത് രാജ്യത്ത് തന്നെ ആദ്യ സംഭവം ആയിരിക്കണം എന്ന നിശ്ചയത്തോടെ വൻ ഒരുക്കങ്ങളാണ് ട്രസ്‌റ് നടത്തിയിരുന്നത് . ഹോസ്പിറ്റലിലെ പ്രധാന ജീവനക്കാർ ഒഴികെയുള്ളവരൊക്കെ വൈകിയാണ് ഇക്കാര്യം അറിഞ്ഞത് തന്നെ .
വാക്‌സിൻ നൽകും മുൻപ് നാടകീയ നീക്കങ്ങൾ
ഇന്നലെ കവൻട്രിയിൽ ആദ്യ വാക്‌സിൻ നൽകുന്നു എന്ന വിവരം പുറത്തു പോകാതിരിക്കാൻ ഹോസ്പിറ്റൽ ട്രസ്‌റ് നാടകീയ നീക്കങ്ങളും നടത്തിയിരുന്നു . വാക്‌സിൻ നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയതിനു പിന്നാലെ ജീവനക്കാർക്കിടയിൽ വിവര ശേഖരം നടത്തിയ ട്രസ്‌റ് തൊട്ടു പിന്നാലെ രണ്ട്മത് മറ്റൊരു ഇമെയിൽ കൂടി അയച്ചിരുന്നു . അതിൽ വാക്‌സിൻ സംബന്ധിച്ച നടപടിക്രമങ്ങൾ വൈകിയേക്കും എന്ന സൂചനയാണ് ഉണ്ടായിരുന്നത് .
എന്നാൽ സകല ഒരുക്കങ്ങളും ഇതിനിടയിൽ നടത്തി വാക്‌സിൻ വിതരണം രാജ്യത്തു തന്നെ ആദ്യമായി കവൻട്രിയിൽ ആയിരിക്കണം എന്ന ഹോസ്പിറ്റൽ ട്രസ്റ്റിന്റെ നീക്കമാണ് ഇന്നലെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും കവൻട്രിയിലേക്കു തിരിയാൻ കാരണം . വാക്‌സിൻ നൽകി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വാർത്ത സംഘത്തിനും വാക്‌സിൻ എടുത്ത , അടുത്ത ആഴ്ച 91 പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാർഗരറ്റ് കീനാൻ എന്ന മുത്തശ്ശിയുമായി സംസാരിക്കാനും അവസരം ലഭിച്ചു . ഇതോടെ വാർത്തകൾ ഒന്നിന് പിന്നാലെ ഒന്നായി ലോകത്തിനു മുന്നിലെത്തി . അൽപ സമയം കഴിഞ്ഞു കവൻട്രിയിൽ തന്നെ രണ്ടാമത്തെ ആളായ വില്യം ഷേക്‌സ്പിയറിനും വാക്‌സിൻ നൽകിയ ശേഷമാണു മറ്റിടങ്ങളിൽ ഉള്ളവർക്ക് വാക്‌സിൻ ലഭിച്ചു തുടങ്ങിയത് .
സാക്ഷികളാകാൻ മൂന്നു മലയാളി ജീവനക്കാരും
വാർഡ് 40 യിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മാർഗരറ്റും വില്യവും ആണ് ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതെന്ന് അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർ അറിയുന്നത് തിങ്കളാഴ്ച രാത്രിയാണ് . രാത്രി ഷിഫ്റ്റിൽ ജോലിക്കു എത്തിയ കവൻട്രി നിവാസികളായ നേഴ്‌സുമാരായ ബീന പീറ്റർ , സ്വപ്ന ബിജു എന്നിവരും നേഴ്സിങ് അസിസ്റ്റന്റ് നിബു സിറിയകുമാണ് ആകസ്മികമായി ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളയത് .
മൂന്നു പേരും ഏറെ വര്ഷങ്ങളായി കോവൻട്രി ഹോസ്പിറ്റൽ ജീവനക്കാരാണ് , അടുത്ത സുഹൃത്തുക്കളും . ലോകം മുഴുവൻ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിക്ക് എതിരെ പ്രതീക്ഷയുടെ വെളിച്ചമായി വാക്‌സിൻ എത്തിയപ്പോൾ അതിനു സാക്ഷികളാകാൻ കഴിഞ്ഞത് ഇക്കാലമത്രയും ചെയ്ത ജോലിക്കിടയിലെ ഏറ്റവും തിളക്കമുള്ള ദിവസമായി കൂടെയുണ്ടാകുമെന്നു മൂവരും സൂചിപ്പിച്ചു . മാത്രമല്ല ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞതും അതിലേറെ സന്തോഷം നൽകുന്നു . ഇന്നലെ രാത്രി തന്നെ ആരൊക്കെയാണ് വാക്‌സിൻ എടുക്കുന്നതെന്നും അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണെന്നും മൂവരും അറിഞ്ഞിരുന്നു .
എന്നാൽ രോഗിയുടെ സ്വകാര്യത നിർബന്ധമായും പാലിക്കണമെന്നും ജീവനക്കാർക്ക് പൊതുവിൽ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റൽ ട്രസ്‌റ് ഔദ്യോഗികമായി രോഗിയുടെ പേര് പുറത്തു വിടും വരെ ഇക്കാര്യം രഹസ്യമായി തുടർന്ന് . കോവിഡ് വാക്‌സിൻ സ്വീകരിച്ച ആദ്യ വെക്തി മാർഗരറ്റിനെ കുത്തിവെയ്പ് എടുക്കാൻ രാവിലെ മുതൽ പരിചരിച്ചിരുന്ന ചുമതല ബീന പീറ്ററിന് ആയിരുന്നു . എന്നാൽ വാക്‌സിൻ സ്വീകരണത്തിന് പ്രത്യേക മുറി തന്നെ ഒരുക്കിയതിനാൽ പുലർച്ചെ ആറുമണി കഴിഞ്ഞപ്പോൾ തന്നെ വാർഡിൽ നിന്നും മാറ്റുക ആയിരുന്നു . വാർത്ത ലേഖകരും ചാനൽ പ്രവർത്തകരും ഒക്കെയായി മാധ്യമപ്പട തന്നെ ഉണ്ടായിരുന്നതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് വാക്‌സിൻ നൽകുന്നതിനുള്ള ഇടം ക്രമീകരിച്ചിരുന്നത് .
വാക്‌സിൻ സ്വീകരിച്ച ശേഷം അധികം വൈകാതെ വാർഡിലേക്ക് മടങ്ങിയെത്തിയ മാർഗരറ്റിനെയും വില്യമിനെയും ജീവനക്കാർ കയ്യടിച്ചു സ്വീകരിക്കുക ആയിരുന്നു . വാക്‌സിൻ എടുത്തവർ വാർഡിലേക്ക് തിരിച്ചെത്തിയതോടെ എങ്ങും സന്തോഷത്തിന്റെ മുഖങ്ങൾ മാത്രമായിരുന്നു വാർഡ് 40 യിലെ കാഴ്ചകൾ .
ആദ്യ ദിവസങ്ങളിൽ വാക്‌സിൻ പ്രായമായവർക്ക്
ആശ്വാസവും ആശന്കയ്യും ഒരേ വിധമാണ് കോവിഡ് വാക്‌സിന്റെ കാര്യത്തിൽ . നിർമ്മാതാക്കളായ ഫൈസർ പൂർണ ഉറപ്പു നൽകുന്നതിന്റെ ആശ്വാസം ഒരു വശത്തു നിൽകുമ്പോൾ വാക്‌സിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്ന വാദങ്ങൾ ആശന്കയ്യും സമ്മാനിക്കുന്നു . ഇക്കാരണത്താൽ വാക്‌സിൻ വേണ്ടെന്നു പറയുന്നവരുടെ എണ്ണവും കൂടുകയാണ് .
പക്ഷെ ആദ്യ റൗണ്ട് പിന്നിടുമ്പോൾ എതിർപ്പുകൾ താനേ ഇല്ലാതാകും എന്ന പ്രതീക്ഷയാണ് സർക്കാരിന് . അതിനാൽ തുടക്ക ദിവസങ്ങളിൽ പ്രായം ചെന്നവർക്കു വാക്‌സിൻ നല്കാൻ ആണ് നിർദ്ദേശം .കെയർ ഹോം , നേഴ്സിങ് ഹോം എന്നിവിടങ്ങളിൽ വാക്‌സിൻ ആവശ്യമായവരുടെ കണക്കെടുപ്പും പൂർത്തിയായിട്ടുണ്ട് . ഇത് പൂർത്തിയാകുന്ന മുറയ്ക്കാകും രണ്ടാം ഘട്ടം ആരംഭിക്കുക . പക്ഷെ ഈ ഘട്ടത്തിൽ ഏറെ വൈകാതെ തന്നെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കും എന്ന സൂചനയും സർക്കാർ നൽകുന്നു .
ബ്രിട്ടനിലെ ഏറ്റവും വലിയ രോഗ പ്രതിരോധ പ്രവർത്തനമായി കോവിഡ് വാക്‌സിൻ വിതരണം മാറുമെന്നാണ് കണക്കാക്കപ്പെടുന്നത് . ആരോഗ്യ പ്രവർത്തകർ , ഡ്രൈവർമാർ ഉൾപ്പെടെ ഗതാഗത രംഗത്ത് ജോലി ചെയുന്നവർ , സ്‌കൂൾ ജീവനക്കാർ എന്നിവരെല്ലാം വാക്‌സിൻ സ്വീകരിക്കപ്പെടുന്നവരുടെ മുൻഗണന ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് . അടുത്ത വര്ഷം ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടു നിൽക്കുന്ന സമയം കൊണ്ട് വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന്‌നാണ് വിലയിരുത്തപ്പെടുന്നത് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.