- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10 കോടി കടന്നു. 21 ലക്ഷത്തിലധികം പേർ മരണത്തിന് കീഴടങ്ങി; പ്രതീക്ഷിച്ച വേഗതയിൽ മുന്നോട്ട് പോകാതെ വാക്സിനേഷൻ പദ്ധതിയും; കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട് 391 ദിനങ്ങൾ പിന്നിടുമ്പോൾ
2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിലായിരുന്നു ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ലോകമാകെ ദുരന്തം വിതറിയ ഈ കുഞ്ഞൻ വൈറസ് ലോക ജനസംഖ്യയുടെ 13 ശതമാനം പേരെയാണ് ഒരു വർഷത്തിൽ ബാധിച്ചത്. 21 ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ കൊറോണ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി ചെല്ലറയൊന്നുമല്ല. മാത്രമല്ല, കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും, ബന്ധുക്കളേയുമെല്ലാം തമ്മിലകറ്റി, മനുഷ്യരെ കൊച്ചുകൊച്ചു തുർത്തുകളിൽ ജീവിതം ജീവിച്ചു തീർക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
അതിവേഗം വളർന്നുകൊണ്ടിരുന്ന വുഹാൻ എന്ന നഗരത്തെ ഒരു പ്രേതഭൂമിയാക്കി മാറ്റി ഈ മഹാവ്യാധി. എന്നാൽ, ഇപ്പോൾ വുഹാൻ അതിശയിപ്പിക്കുന്ന വേഗത്തിൽ സാധാരണനിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ, ലോകം പൂർവ്വസ്ഥിതിയിലെത്താൻ ഇനിയും കാലങ്ങളെടുക്കും. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 10,08,07,063 പേർക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കാൽ ഭാഗത്തിലധികം പേർ അമേരിക്കയിൽ നിന്നാണ്. കോവിഡ് മരണങ്ങളുടെ കാര്യത്തിലും ഏറെ നിൽക്കുന്നത സമ്പത്തിലും സാങ്കേതിക മികവിലും ലോകത്തു തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കതന്നെ.
പ്രതിദിനം, ശരാശരി 3000 മരണങ്ങളാണ് അമേരിക്കയിൽ നടക്കുന്നത്. കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നിട്ടുകൂടി പ്രതിദിനം, ഓരോ പത്ത് ലക്ഷം പേരിലും രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുകയാണ് ബ്രിട്ടൻ. മഹാവ്യാധിയുടെ ഇരുളടഞ്ഞ ഗുഹയുടെ മറുഭാഗത്ത് കാണുന്ന പ്രത്യാശയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വാക്സിൻ വിപണിയിൽ എത്തിയെങ്കിലും വാക്സിൻ പദ്ധതി അപകടകരാം വിധം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ലോക ജനസംഖ്യയുടെ 0.9 ശതമാനം പേർക്ക് മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് നൽകാൻ കഴിഞ്ഞിട്ടുള്ളത്.
സാധാരണ കൊറോണയെത്തന്നെ പ്രതിരോധിക്കുവാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് അധികവ്യാപനശേഷിയുള്ള പിതിയ ഇനം കൊറോണ വൈറസുകൾ ബ്രിട്ടൻ, അമേരിക്ക, ബ്രസീൽ , ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ആവിർഭവിച്ചത്. ജനിതകമാറ്റം വന്ന ഈ വൈറസുകളെ പ്രതിരോധിക്കുവാൻ നിലവിലുള്ള വാക്സിനുകൾ മതിയാകുമോ എന്ന ആശങ്കയും ഇതോടെ ഉയർന്നുവന്നിട്ടുണ്ട്. രോഗബാധ തടഞ്ഞ്, ലോകത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിൽ ഈ പുതിയ ഇനം വൈറസുകൾ ഇനിയും കാലതാമസം വരുത്തിയേക്കാം എന്നുള്ള ആശങ്ക കൂടുതൽ ശക്തിപ്പെടുകയാണ്.
തികച്ചും അജ്ഞാതമായ ഒരുതരം ന്യുമോണിയ ഹൂബി പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ വുഹാനിൽ പടർന്നു പിടിക്കുന്നതായി ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ട് കഷ്ടിച്ച് ഒരു വർഷത്തിൽ അധികം ആകുന്നതേയുള്ളു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, രണ്ടുവർഷം മുൻപ് വരെ ഈ ഭൂലോകത്ത് ഇല്ലാതെയിരുന്ന ഒരു വൈറസാണ് കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി മനുഷ്യജീവിതത്തെ ആകെ സ്തംഭിപ്പിച്ച് നിർത്തിയിരിക്കുന്നത്.
ശാസ്ത്രലോകം, ഇതുവരെ സമ്പാദിച്ചുവച്ച അറിവു മുഴുവൻ പുറത്തെടുത്ത് ഈ മഹാമാരിയെ തടയുവാൻ തുനിഞ്ഞിറങ്ങിയെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ഏകോപനവും സഹകരണവും വേണ്ടത്ര ഉണ്ടായില്ല എന്നതായിരുന്നു ദുഃഖകരമായ ഒരു സത്യം. ഇതു തന്നെയായിരുന്നു രോഗവ്യാപനം ഇത്ര കനക്കുവാനും വ്യാപകമാകുവാനും കാരണമായത്. മാത്രമല്ല, രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് മൂന്നു മാസങ്ങൾക്ക് ശേഷമാണ് ചൈന ഇക്കാര്യം പുറംലോകത്തെ അറിയിച്ചതെന്നും ഒരു ആരോപണമുയരുന്നുണ്ട്. അതിവേഗം വ്യാപിക്കുന്ന വൈറസിന് ഈ മൂന്ന്മാസക്കാലയളവ് വലിയൊരു ഇടവേള തന്നെയാണ് നൽകിയത്.
മറ്റുപല വൈറസ്ജന്യ രോഗങ്ങളേയും പോലെ ഏതെങ്കിലും ഒരു പ്രത്യേക കാലാവസ്ഥയിൽ മാത്രം പകരുന്ന ഒന്നല്ല ഇത് എന്നത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഏത് കാലാവസ്ഥയിലും തുല്യമായ ശക്തിയിൽ ഇതിന് സംക്രമിക്കാൻ കഴിയും. മാരകശേഷിയും കൂടുതലാണ്. ബ്രിട്ടനിൽ ഉൾപ്പടെ പല രാജ്യങ്ങളിലും രോഗവ്യാപനം നേരിയ തോതിലെങ്കിലും കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണനിരക്ക് വർദ്ധിക്കുക തന്നെയാണ്. ഇത് ഏറെ ആശങ്കയുണർത്തുന്നുമുണ്ട്.
ആരോഗ്യ രംഗത്ത് ഉൾപ്പടെ എല്ലാ രംഗങ്ങളിലും ആധുനിക സാങ്കേതിക വിദ്യയും ശാസ്ത്രീയ സമീപനവും കൊണ്ട് മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ തന്നെയാണ് ജനസംഖ്യാടിസ്ഥാനത്തിൽ പ്രതിദിനം ഏറ്റവും അധികം രോഗികൾ ഉണ്ടാകുന്നതെന്നത് അത്യന്തം ഒരു വിരോധാഭാസമായി തോന്നുന്നു. പ്രതിദിനം ശരാശരി 1.7 ലക്ഷം പേർക്കാണ് ഇവിടെ രോഗബാധസ്ഥിരീകരിക്കുന്നത്. ഏകദേശം മൂവായിരത്തോളം മരണങ്ങളും നടക്കുന്നുണ്ട്.
അതിനിടയിലാണ് ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറാസായ ബി 117, തന്റെ മുൻഗാമികളേക്കാൾ 30 മുതൽ 40 മടങ്ങു വരെ അധികം മരണകാരണമാകാം എന്ന ബോറിസ് ജോൺസന്റെ പ്രസ്താവനയുണ്ടായത്. എന്നാൽ, ശാസ്ത്രലോകം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വ്യാപനശേഷി കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, മരണകാരണമാകാനുള്ള കഴിവ് കൂടുതലുണ്ടെന്നുള്ളത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ