മിഷിഗൺ: മിഷിഗൺ സംസ്ഥാനത്ത് രണ്ടു ഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചവരിൽ 246 പേർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയുംമൂന്നു പേർ ഇതിനെ തുടർന്ന് മരണമടയുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചതിന് രണ്ടാഴ്ചക്കുള്ളിലാണ് ഇവരിൽ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് . കുത്തിവെപ്പ് ലഭിച്ചവരിൽ പലരിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും എല്ലാവരും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യുമൻ സർവീസ് വക്താവ് ലിൻ സ്റ്റീഫൻ പറഞ്ഞു . എങ്ങനെയാണ് വീണ്ടും വൈറസ് ബാധിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും ഇവർ കൂട്ടിച്ചേർത്തു . ഇവരിൽ കോവിഡിന്റെ രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമല്ലെന്നും ആശുപത്രിയിൽ ചികിത്സാർത്ഥം 117 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത് 65 വയസ്സിന് മുകളിലുള്ളവരാണ് മരിച്ച 3 പേരും , മൂന്നുപേരും വാക്സിനേഷൻ ലഭിച്ചതിന് മൂന്നാഴ്ചക്കുള്ളിൽ മരിക്കുകയായിരുന്നുവെന്നും ലിൻ വെളിപ്പെടുത്തി .

സാധാരണയായി വാക്സിനേഷൻ സ്വീകരിച്ചവരിൽ പതിനാലു ദിവസത്തിനകം രോഗ പ്രതിരോധ ശക്തി വർദ്ധിക്കും ചിലരിൽ മാത്രമേ രോഗപ്രതിരോധം ലഭിക്കുന്നതിന് കൂടുതൽ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരികയുള്ളു .

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിഷിഗണിൽ കോവിഡ്-19 കേസ്സുകൾ വർദ്ധിച്ചു വരികയാണ് തിങ്കളാഴ്ച വൈകീട്ട് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700,000 കഴിഞ്ഞിട്ടുണ്ട് . ദിനംപ്രതി 50,000 കുത്തിവെപ്പുകൾ എന്നതിൽ നിന്നും 100,000 ആയി വർദ്ധിപ്പിച്ചതായി ഗവർണർ ഗ്രെച്ചൻ വിറ്റ്മർ അറിയിച്ചു.