ന്യൂഡൽഹി: ദേശീയ തലത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ് രോഗബാധ. മുൻ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ, ദലിത് ആക്ടിവിസ്റ്റും ഗുജറാത്തിൽനിന്നുള്ള എംഎ‍ൽഎയുമായ ജിഗ്‌നേഷ് മേവാനി, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

നാലു പേരും ട്വിറ്ററിലൂടെയാണ് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. ചെറിയ ലക്ഷണങ്ങളോടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. താനുമായി ബന്ധപ്പെട്ടവർ ക്വാറന്റീനിൽ പോകണമെന്ന് രൺദീപ് സിങ് സുർജേവാല ട്വീറ്റിൽ അറിയിച്ചു. ഡൽഹിയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് പറഞ്ഞു.

അതിനിടെ, രാജ്യത്ത് 2,17,353 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,69,743 ആയി. 1185 മരണവും സ്ഥിരീകരിച്ചു. മരണ സംഖ്യ 1,74,308 ആയും ഉയർന്നു.