ഇല്ലിനോയ്: മാർച്ച് 31 ന് ശേഷം കോവിഡ് കേസ്സുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ജൂലായ് നാലു മുതൽ സംസ്ഥാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് സംസ്ഥാന അധികൃതർ വെളിപ്പെടുത്തി.യാതൊരു നിയന്ത്രണവും ഇല്ലാതെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുവാനാണ് തീരുമാനമെന്നും അധികൃതർ പറയുന്നു.

എന്നാൽ ഇന്ന് ചിക്കാഗൊ സിറ്റി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തൊട്ടടുത്ത ഇന്ത്യാനയിൽ നിന്നും ചിക്കാഗൊ സിറ്റിയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കുകയോ, ക്വാറന്റയ്നിൽ കഴിയുകയോ വേണമെന്ന് സിറ്റി മേയർ ലോറി ലൈറ്റ് പുട്ട് ഇന്ന് (ചൊവ്വാഴ്ച) വെളിപ്പെടുത്തി.

സിറ്റിയിലെ പ്രമുഖ സ്ഥാപനങ്ങളായ വാൾഗ്രീൻ, വാൾമാർട്ട്, സാംസ്‌ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ യാതൊരു രജിസ്ട്രേഷനും കൂടാതെ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ചെയ്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു.

ഷിക്കാഗോ സിറ്റിയിലെ റസ്റ്റോറന്റ്, ജിം, കൺസർട്ടസ്, കൺവൻഷൻ തുടങ്ങിയതെല്ലാം ജൂലായ് 4 മുതൽ തുറന്ന് പ്രവർത്തിക്കുവാൻ കഴിയുമെന്നും മേയർ പ്രത്യാശ പ്രകടിപ്പിച്ചു. ചിക്കാഗൊയിൽ പ്രസിദ്ധമായ ഓട്ടോഷോയും ജൂലായിൽ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.