തിരുവനന്തപുരം: കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് പോസിറ്റീവായ വീടുകളിൽ അടുത്ത ദിവസം മുതൽ സൗജന്യ ഭക്ഷണം എത്തിക്കും. ആരോഗ്യവകുപ്പിന്റെ പട്ടികയനുസരിച്ചു സന്നദ്ധപ്രവർത്തകർ മുഖേനയാകും നൽകുക. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ പട്ടിണി സാഹചര്യമുള്ള കുടുംബങ്ങളുടെ പട്ടിക പാലക്കാട് ജില്ലയിൽ തയാറാക്കി, അവർക്കും ഭക്ഷണമെത്തിക്കും. ആവശ്യമുള്ള മറ്റു കുടുംബങ്ങൾക്കും ന്യായവിലയ്ക്ക് എത്തിച്ചുനൽകും.

പാലക്കാട്ടെ തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽനിന്നാകും ഭക്ഷണം വാങ്ങുക. ഇവ ഇല്ലെങ്കിൽ മാത്രം സമൂഹ അടുക്കള ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രോഗ ബാധ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കേരളത്തിൽ വേണ്ടി വരും. ഇതു മൂലം കഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് സർക്കാരിന്റെ ജാഗ്രത. ഇത് ഏറ്റെടുക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളും.

പ്രാദേശിക ഇടപെടലിലൂടെ മാത്രമേ രോഗവ്യാപനത്തെ ചെറുക്കാനാകൂ. ഇത് മനസ്സിലാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളും സജീവമായി ഇടപെടുന്നത്. ഇടത് വലതു യുവജന-വിദ്യാർത്ഥി സംഘടനകളും പ്രതിരോധത്തിൽ സജീവമാണ്. സേവാഭാരതിയും എസ് ഡി പി ഐയും പോലുള്ള സംഘടനകളും ഇടപെടലുമായി രംഗത്തുണ്ട്. കേരളത്തിലെ അതിതീവ്ര രോഗ വ്യാപന പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ മാത്രമേ നേരിടാനാകൂ. അതിന്റെ മാതൃകയാണ് കേരളം മുഴുവൻ രൂപപ്പെടുന്നത്.

അതിനിടെ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കോവിഡ് ഒപി തുടങ്ങും. സ്വകാര്യ ആശുപത്രികളിലെ 50 % ഓക്‌സിജൻ കിടക്കകളും ഐസിയു കിടക്കകളും കോവിഡ് രോഗികൾക്കു മാറ്റിവയ്ക്കണം. ഗവ. ആശുപത്രികൾ 31 വരെ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർക്കാരിന്റെ പുതിയ ചികിത്സാ മാർഗനിർദ്ദേശത്തിൽ പറയുന്നു. മറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികൾക്കു മാത്രമാക്കും. രോഗ വ്യാപനം കൈവിട്ടു പോകുന്ന സാഹചര്യത്തിലാണ് ഇത്.

എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി. ഇവിടെ കോവിഡ് പരിശോധനയുമാകാം. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും കുറഞ്ഞത് 5 വെന്റിലേറ്ററുകളും സജ്ജമാക്കണം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം. കിടപ്പുരോഗികൾ കോവിഡ് പോസിറ്റീവായാൽ വീട്ടിൽ ഓക്‌സിജൻ എത്തിക്കാൻ വാർഡ് തല സമിതികൾ സംവിധാനമൊരുക്കണമെന്നതാണ് നിർദ്ദേശം.

പ്രസ് ക്ലബ് ആയിരം പേർക്ക് ഉച്ചഭക്ഷണം നൽകി

തിരുവനന്തപുരം പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഇന്നലെ ആയിരത്തോളം പേർക്ക് ഉച്ചഭക്ഷണം നൽകി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും ക്ലബിൽ എത്തിയവർക്കു ഭക്ഷണം നൽകിയതു കൂടാതെ ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി, തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം. സ്റ്റാപ്യൂ,, പുളിമൂട് എന്നിവിടങ്ങളിൽ തെരുവോരത്ത് വസിക്കുന്നവർക്കും ഭക്ഷണവും കുപ്പിവെള്ളവും നൽകി.

സായിഗ്രാമത്തിന്റെ സഹകരണത്തോടെയുള്ള കമ്യൂണിറ്റി കിച്ചണിൽ നിന്ന് തുടർന്നുള്ള ദിവസങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ , സായിഗ്രാമം എക്‌സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.